മംഗലംഡാം: ജനവാസമേഖലയായ പൈതലയിൽ കരിങ്കൽക്വാറി തുടങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. സണ്ണി ഫിലിപ്പ്, ജിമ്മി മാത്യു, ജോർജ് തോമസ് എന്നിവർ ഭാരവാഹികളായി ജനകീയ സമിതി രൂപീകരിച്ചാണ് നാട്ടുകാർ സമരപരിപാടികൾ ശക്തമാക്കുന്നത്.
പ്രദേശത്തെ സംരക്ഷിക്കണമെന്നുള്ള പരാതികൾക്കും നിവേദനങ്ങൾക്കും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചിട്ടുള്ളത്.
ക്വാറി തുടങ്ങുന്ന സ്ഥലത്തിനു മുന്നിൽ ഇന്നലെ നാട്ടുകാർ പ്രതിഷേധസമരം നടത്തി. ഇതു നിലനിൽപ്പിനായുള്ള സമരമാണെന്നും പ്രതിഷേധം തിരിച്ചറിഞ്ഞ് ക്വാറി നടത്തിപ്പുകാർ നീക്കത്തിൽനിന്നും പിന്മാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടുപോയാൽ ജീവനും തങ്ങളുടെ വിളകൾക്ക് സംരക്ഷണവുമായി പ്രദേശത്തെ കുടുംബങ്ങൾ ഒന്നടങ്കം സമരരംഗത്തു വരുമെന്നും ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.
ക്വാറി പ്രവർത്തിക്കുന്നതോടെ മേഖലയിലെ കാർഷിക വിളകൾക്കും ജലസ്രോതസുകൾക്കും ജനങ്ങളുടെ സ്വൈരജീവതത്തിനും അതു ഭീഷണിയാകും. നാലുവർഷംമുമ്പും ഇവിടെ ക്വാറി തുടങ്ങാൻ ശ്രമം നടന്നിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടത്തിപ്പുകാർ പിന്മാറി.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നൽകിയ അനുമതിയുടെ പിൻബലത്തിലാണ് വീണ്ടും ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.