നിർമാണം പൂർത്തിയായ ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ.
ഇരിട്ടി: മലയോര താലൂക്കിന്റെ ആസ്ഥാനമായ ഇരിട്ടിയിൽ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലെത്തുന്ന മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. 12 വർഷമായി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫിസ് ഉൾപ്പെടെ മേഖലയിലെ ഭൂരിഭാഗം സർക്കാർ ഓഫിസുകൾക്കും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പയഞ്ചേരിമുക്കിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 18 കോടി രൂപ ചെലവിലാണ് അഞ്ചു നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണമുള്ള മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. കൽപ്പറ്റ ആസ്ഥാനമായ ഹിൽട്രാക് കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമാണച്ചുമതല. 2022 നവംബർ ഏഴിന് ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരണഘട്ടത്തിലെത്തിയത്. ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്ന് അടങ്കൽത്തുക പുതുക്കിയതോടെ കരാർ തുക 21.069 കോടി രൂപയായി ഉയർന്നു. സാങ്കേതിക കാരണങ്ങളാൽ കരാർ ഉടമ്പടി വൈകിയതും നിർമാണം നീളുന്നതിന് കാരണമായി. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
12 വർഷം മുന്പാണ് സംസ്ഥാനത്ത് പുതിയ 12 താലൂക്കുകൾക്കൊപ്പം ഇരിട്ടി താലൂക്കും നിലവിൽ വന്നത്. തുടക്കം മുതൽ സ്വകാര്യ കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്നത്. സിവിൽ സപ്ലൈസ് ഓഫിസ്, ജോയിന്റ് ആർടി ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ്, ക്ഷീരവികസന വകുപ്പ് ഓഫിസ്, പട്ടികവർഗ ക്ഷേമ ഓഫിസ്, ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് തുടങ്ങിയവയും നിലവിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
19 വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇരിട്ടി താലൂക്ക്. വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന താലൂക്ക് ആസ്ഥാന സ്വഭാവമുള്ള ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതോടെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി പല സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥ ഒഴിവാകും.
Tags : NattuVishesham DistrictNews