കണ്ണൂർ സ്റ്റേഡിയം പരിസരത്തെ ഒാണവിപണിയിലെ തിരക്ക്.
കണ്ണൂർ: ഓണം അടുത്തെത്തിയതോടെ നഗരത്തിലെ ഓണ വിപണികൾ നിറഞ്ഞൊഴുകുന്നു. പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളും വഴിയോര കച്ചവടങ്ങളും ജനത്തിരക്കിൽ വീർപ്പുമുട്ടുകയാണ്. വസ്ത്രങ്ങൾ, പൂക്കൾ, പച്ചക്കറികൾ എന്നിവ വാങ്ങാൻ രാവിലെ മുതൽ രാത്രിവരെ ആളുകൾ എത്തുന്നതോടെ വിപണി ഓണച്ചൂടിലാണ്. ഓണസദ്യക്ക് ആവശ്യമായ സാധനങ്ങൾക്കും പൂക്കൾക്കും ഓണക്കോടിക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്. വസ്ത്ര വിപണിയിൽ ഓണക്കോടി വാങ്ങാനായി ആളുകളുടെ നീണ്ട നിരയാണ്. വസ്ത്രങ്ങൾ വാങ്ങാൻ കുടുംബമായി എത്തുന്നതോടെ വിപണിയിൽ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
പ്രായഭേദമന്യേ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വലിയ ആവേശമാണ് കാണാൻ സാധിക്കുന്നത്. വസ്ത്ര മേഖല വാഗ്ദാനം ചെയ്യുന്ന വിലക്കുറവും ഓണം ഓഫറുകളും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നു.
ഓണത്തിന്റെ പ്രധാന ആകർഷണമാണ് പൂക്കളം. അതുകൊണ്ടുതന്നെ പൂ വിപണി ഇത്തവണയും വൈവിധ്യങ്ങളായ പൂക്കളുമായി വിപണി കീഴടക്കിക്കഴിഞ്ഞു. കർണാടകയിൽനിന്ന് നിന്നെത്തുന്ന ചെണ്ടുമല്ലി, ജമന്തി, റോസ്, വാടാമല്ലി തുടങ്ങിയ പൂക്കൾ നിറഞ്ഞ സ്റ്റാളുകൾ നഗരം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്. വിലയിൽ ഇത്തിരി വർധനയുണ്ടെങ്കിലും പൂക്കൾ തേടിയെത്തുന്നവരിൽ കുറവൊന്നുമില്ല. തിരുവോണത്തിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കേ പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ വാങ്ങാൻ ആളുകളുടെ തിരക്കേറുകയാണ്.
ഓണാഘോഷങ്ങളിൽ പുതുമ തേടുന്നവർക്കിടയിൽ ഒറിജിനങ്ങൾ പൂക്കളെ വെല്ലുന്ന ആർട്ടിഫിഷ്യൽ പൂക്കളവും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, ഫാബ്രിക്, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച പൂക്കളങ്ങളാണ് ആർട്ടിഫിഷ്യൽ പൂക്കളങ്ങളായി വിപണിയിലെത്തിയിരിക്കുന്നത്. നിറം മങ്ങാതെ ദിവസങ്ങളോളം നിലനിൽക്കുന്നതും പുനരുപയോഗിക്കാനാകുന്നതുമാണ് ഇവയുടെ പ്രധാന സവിശേഷത. ഓണത്തിന്റെ മറ്റൊരു ആകർഷണമാണ് ഓണസദ്യ. അതിനാൽ സദ്യയ്ക്കായുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. ചില ഇനങ്ങൾക്ക് വില ഉയർന്നിട്ടുണ്ടെങ്കിലും വിൽപനയിൽ കുറവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണം അടുത്തെത്തുമ്പോൾ കണ്ണൂരിലെ വിപണികൾ പരമ്പരാഗതവും ആധുനികവുമായ ട്രെൻഡുകളെ കൂട്ടുപിടിച്ച് ഓണത്തെ വർണാഭമാക്കുകയാണ്.
Tags : NattuVishesham DistrictNews