ആദിവാസി ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻകടകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.എ. തുളസി, എൻ. ഷംസുദ്ദീൻ എന്നിവർ നിർവഹിക്കുന്നു.
അഗളി: അട്ടപ്പാടിയിൽ അതിവിപുലമായ വികസനപദ്ധതികൾ ആസൂത്രംചെയ്തു നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
ആദിവാസി ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം അഗളി ഇഎംഎസ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അഗളി, ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശിർവാണിപ്പുഴക്ക് കുറുകെയുള്ള സാമ്പാർകോട് പാലം നിർമാണത്തിന് അഞ്ചുകോടിരൂപ അനുവദിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മോഡൽ റെസിഡൻസ് സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടി കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികളും സർക്കാർ പരിഗണനയിലുണ്ട്. അടിസ്ഥാന വിഭാഗങ്ങളെ ചേർത്തുപിടിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
പട്ടികജാതി- പട്ടികവർഗ ക്ഷേമമന്ത്രി കെ.എ. തുളസി സഞ്ചരിക്കുന്ന റേഷൻകടകൾ ഫ്ലാഗ് ഓഫ് ചെയ്തു. ലൈഫ് പദ്ധതി പ്രകാരം ആവിഷ്കരിച്ചിട്ടുള്ള ഭവനനിർമാണ പദ്ധതിയിൽ ആദിവാസികൾക്ക് മുൻഗണന നൽകുമെന്നു മന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്ക് സ്വയംതൊഴിലായി 10 ലക്ഷം രൂപ വരെ നൽകുന്ന വായ്പാപദ്ധതികൾ നടപ്പിലാക്കുമെന്നും വിദ്യാർഥികൾക്കുള്ള ഇ- ഗ്രാൻഡ് കുടിശിക പൂർണമായി വിതരണം ചെയ്യുമെന്നും സമഗ്ര പദ്ധതിപ്രകാരം കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് നൽകേണ്ടിയിരുന്ന കുടിശികത്തുക അനുവദിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും ആശുപത്രിയിൽ ചികിത്സ ലഭ്യമാകുന്ന തരത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ തനതുകലകൾ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കലാകേന്ദ്ര സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സുരക്ഷാ കമ്മീഷനംഗം മുരുകേഷ് ചെറുനാലി, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര രാമസ്വാമി, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേൽ, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, പാലൂർ ബ്ലോക്ക് പഞ്ചായത്തംഗം ചെല്ലൻ, മണികണ്ഠൻ, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, വി.എച്ച്. മുസ്തഫ, സി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews