ആവേശം തുളുന്പി പൂമല ഡാമിൽ ആരംഭിച്ച കയാക്കിംഗ്.
തൃശൂർ: അവധിക്കാലത്ത് കുടുംബത്തോടൊപ്പം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് പൂമല ഡാം പുതിയൊരു സാഹസികാനുഭവംകൂടി സമ്മാനിക്കും. നിലവിലുള്ള ബോട്ട് സവാരിക്കു പുറമെ, സഞ്ചാരികൾക്ക് തുഴഞ്ഞുനീങ്ങാൻ അവസരമൊരുക്കിക്കൊണ്ട് പൂമല ഡാമിൽ കയാക്കിംഗിനും തുടക്കമായി. ജലവിനോദങ്ങളുടെ സാധ്യതകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാലു പുതിയ കയാക്കുകളാണ് ഡാമിൽ എത്തിച്ചിട്ടുള്ളത്.
പ്രകൃതിരമണീയമായ പൂമല ഡാം കൂടുതൽ ആകർഷകമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തുടക്കം. നിലവിലുള്ള ബോട്ട് സർവീസുകൾ ഇതിനോടകം സഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. അതിനു മാറ്റുകൂട്ടി കയാക്കിംഗ് കൂടി എത്തുന്നതോടെ ഇവിടേക്ക് കൂടുതൽ സാഹസിക യാത്രാപ്രേമികൾ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. സുരക്ഷാ മുൻകരുതലുകളോടെയാണ് സഞ്ചാരികൾക്കായി കയാക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബിജു വർഗീസ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെസ്സി സാജൻ, സിബി തോമസ്, പ്രീമ ഫ്രാൻസിസ്, എൻ.ആർ. ചന്ദ്രൻ, ചാർളി, കെ.വി. തന്പി, രമേഷ് പൂളാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews