തിരുവില്വാമലയിൽ നിളാതീരത്ത് നിർമിക്കുന്ന മഹാപിതൃമോക്ഷ സ്തംഭത്തിന്റെ മാതൃക.
തിരുവില്വാമല: മൺമറഞ്ഞുപോയ സകല ജീവജാലങ്ങൾക്കുമുള്ള മഹാശ്രദ്ധാഞ്ജലിയും ഭാരതത്തിന്റെ ആധ്യാത്മിക സങ്കല്പവുമായി വില്വമലയുടെ താഴ്വാരത്ത് നിളയുടെ തീരത്ത് മഹാപിതൃമോക്ഷ സ്തംഭം ഉയരും. 108 അടി ഉയരവും 40 അടി വീതിയും ഒരു ലക്ഷം പുരാതന കളിമൺ ശിരോപിണ്ഡങ്ങളും ഉൾക്കൊള്ളുന്നതാണ് മഹാപിതൃമോക്ഷ സ്തംഭം. മനുഷ്യരാലും പ്രകൃതിയാലും പ്രപഞ്ചോത്പത്തി മുതൽ മൃത്യുവും അപമൃത്യുവുമടഞ്ഞ സകല ജീവജാലങ്ങൾക്കുമുള്ള ശ്രദ്ധാഞ്ജലിയായാണ് ഈ ആധ്യാത്മിക തീർഥാടന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗുരുവായൂരിലെ പ്രശസ്തമായ മരപ്രഭുവിന്റെ മാതൃകയിലാണ് ഈ വിസ്മയസ്തംഭം ഉയരുക.
തിരുവില്വാമലയുടെ തീർഥാടനവികസനം ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ആധ്യാത്മികന്വേഷകരെയും ഒരുപോലെ ആകർഷിക്കും. സാംസ്കാരിക നായകർ, ആധ്യാത്മിക ആചാര്യന്മാർ, ഭരണാധികാരികൾ എന്നിവരടങ്ങുന്ന വിപുലമായ സമിതിയുടെ നേതൃത്വത്തിൽ മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി രാജ്യത്തിനു സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ രമേഷ് കോരപ്പത്ത് അറിയിച്ചു.
മഹാപിതൃമോക്ഷ സ്തംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഐവർമഠം കോരപ്പത്ത് ആസ്ഥാനത്ത് നടന്നു. ഗുരുവായൂർ മരപ്രഭു ശില്പി രാമചന്ദ്രനും കോരപ്പത്ത് ട്രസ്റ്റി ചെയർമാൻ രമേഷ് കോരപ്പത്തും ചേർന്ന് സ്തംഭ നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Tags : NattuVishesham DistrictNews