ചെടിക്കുളം സ്വദേശി സത്യനാഥന്റെ വീടിന് സമീപത്തെ വാഴയുടെ കൂമ്പ് കടിച്ചു നശിപ്പിക്കുന്ന കുരങ്ങ്.
ഇരിട്ടി: കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ ആറളം പഞ്ചായത്തിലെ ചെടിക്കുളം മേഖലയിൽ കർഷകർ ദുരിതത്തിൽ. കൂട്ടമായെത്തുന്ന കുരങ്ങുകൾ കൃഷിയിടങ്ങളിൽ കയറി തെങ്ങ്, വാഴ തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. കൃഷിയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ പല കർഷകരും കാർഷിക മേഖലയിൽനിന്ന് പിന്മാറേണ്ട അവസ്ഥയിലാണ്.
കുലച്ചുതുടങ്ങിയ വാഴകളും കൂമ്പും വലിച്ചുകീറി നശിപ്പിക്കുന്നതിനൊപ്പം തെങ്ങിന്റെ കൂമ്പും കടിച്ചുനശിപ്പിക്കുന്നുണ്ട്. വെള്ളയ്ക്കാ പരുവത്തിലെത്തിയ തേങ്ങകൾ പോലും കുരങ്ങുകൾ കൂട്ടത്തോടെ പറിച്ചെടുത്ത് നശിപ്പിക്കുകയാണ്. മാസങ്ങളോളം പരിപാലിച്ചുണ്ടാക്കിയ വിളകൾ നിമിഷങ്ങൾക്കകം കുരങ്ങുകൾ നശിപ്പിക്കുന്നത് കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസം ചെടിക്കുളം സ്വദേശി സത്യനാഥന്റെ കൃഷിയിടത്തിലും സമീപത്തെ മറ്റു കൃഷിയിടങ്ങളിലും കുരങ്ങുകൾ കൃഷിനശിപ്പിച്ചു. ആറളം ഫാം മേഖലയിൽനിന്നാണ് കുരങ്ങുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കൃഷിയിടങ്ങളിൽ നിരന്തരം കുരങ്ങുകൾ എത്തുന്നതിനാൽ വിളകൾ സംരക്ഷിക്കാൻ കർഷകർക്ക് കഴിയുന്നില്ല. കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : NattuVishesham DistrictNews