കാളമുറി: ദേശീയപാത നിര്‍മാണ കമ്പനിയായ ശിവാലയയുടെ ഉത്തരവാദിത്വമില്ലായ്മ കാരണം കയ്പമംഗലത്ത് നാട്ടുകാരും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. ഒരുമാസത്തോളമായി ഈ മേഖലയില്‍ ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്നാല്‍ എന്‍എച്ച് പണിക്കായി സര്‍വീസ് റോഡില്വച്ച തടസങ്ങളും പാതിവഴിയില്‍ പണി നിര്‍ത്തിയ കാനയുമാണ് ജനങ്ങള്‍ക്ക് ദുരിതമാവുന്നത്.
കയ്പംഗലം പന്ത്രണ്ട് മുതല്‍ വഴിയമ്പലം വരെയുള്ള ഭാഗങ്ങളിലാണ് പ്രശ്നം. സര്‍വീസ് റോഡിലൂടെ വരേണ്ട ബസ് സര്‍വീസുകള്‍ ഒന്നരമാസമായി പാലത്തിനുമുകളിലൂടെ പ്രധാന ഹൈവേയിലൂടെയാണ് പോകുന്നത്. ഇതുമൂലം വിദ്യാര്‍ഥികളും പ്രായമായവരുമുള്‍പ്പെടെ ഒട്ടേറെപേരാണ് ബുദ്ധിമുട്ടുന്നത്. കാളമുറി സെന്ററിലെ ബസ് സ്റ്റോപ്പിലെത്തേണ്ട ബസുകള്‍ കിലോമീറ്ററോളം അകലെയുള്ള സ്റ്റോപ്പുകളിലാണ് വരുന്നത്. ബസ് സര്‍വീസ് ആശ്രയിച്ചു കഴിയുന്ന യാത്രക്കാര്‍ ഇത്രയും ദൂരം നടന്നുവലയുകയാണ്.
കയ്പമംഗലം പഞ്ചായത്തിലെ കൃഷിഭവൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പല ഓഫീസുകളും പ്രവർത്തിക്കുന്നത് കാളമുറിയിലാണ്. സാധാരണക്കാരായ ആളുകൾക്ക് എല്ലാ കാര്യങ്ങൾക്കും ഓട്ടോറിക്ഷ വിളിച്ചു വരുകയെന്നത് ഒരിക്കലും പ്രായോഗികവും അല്ല.
ഒന്നരമാസം മുമ്പാണ് കാളമുറിയിലെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതംതടഞ്ഞ് സെന്ററിലെ കാനയുടെ പണി ആരംഭിച്ചത്. എന്നാല്‍ ഇത് പാതിവഴിയില്‍ നിര്‍ത്തി പണിക്കാര് പോയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കാനപണി പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് റോഡ് തുറക്കാനാകില്ലെന്നാണ് നിര്‍മാണക്കമ്പനി പറയുന്നത്. കാളമുറി സെന്ററില്‍നിന്നു കിഴക്കോട്ടുള്ള റോഡില്വച്ച തടസങ്ങള്‍ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചളിങ്ങാട് ഭാഗത്തേയ്ക്ക് വലിയ വാഹനങ്ങളൊന്നും തന്നെ കടന്നുപോകാനാകുന്നില്ല.
കടള്‍ക്ക് മുന്നില്‍ സ്ഥാപിച്ച തടസങ്ങള്‍ മാറ്റണമെങ്കില്‍ ഹെവി ഉപകരണങ്ങള്‍ വേണ്ടിവരും. ഇതുവഴി വാഹനങ്ങളും യാത്രക്കാരും വരാതായതോടെ കച്ചവടത്തേയും ബാധിച്ചെന്ന് വ്യാപാരികള്‍ പറയുന്നു. പനമ്പിക്കുന്നില്‍ നിന്നും ആരംഭിക്കുന്ന മൂന്നുപീടിക ബൈപ്പാസിലെ കിഴക്ക് ഭാഗത്തെ സര്‍വീസ് റോഡിന്റെ പണിയും പാതിവഴിയില്‍ നിര്‍ത്തിയ നിലയിലാണ്. ഇതുമൂലം പടിഞ്ഞാറ് ഭാഗത്തെ ഇടുങ്ങിയ റോഡ് വഴിയാണ് ഇരുദിശകളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.
മഴയ്ക്കുമുമ്പേ കാനയുടെ പണികള്‍ തീര്‍ത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പായതിനാല്‍ വെസ്റ്റ് ബംഗാളില്‍നിന്നും മറ്റുമുള്ള തൊഴിലാളികൾ ഒരുമിച്ച് നാട്ടില്‍ പോയതാണ് പണികള്‍ തടസപ്പെടാന്‍ കാരണമെന്നും ഒരാഴ്ചയ്ക്കകം പണികള്‍ പുനരാരംഭിക്കുമെന്നും ശിവാലയ കരാർ നിര്‍മാണക്കമ്പനി അധികൃതർ പറയുന്നു.
കനത്ത ചൂട് സംബന്ധിച്ച് ഓറഞ്ച് അലർട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ സർക്കാർ നൽകുമ്പോഴും അധികൃതരുടെ ഉത്തരവാദിത്വം ഇല്ലായ്മമൂലം വയോധികർ ഉൾപ്പെടെയുള്ളർ ബസിറങ്ങി അതിഭീകരമായ ചൂട് കൊണ്ട് കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയാണുള്ളത്.പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാണ്.
Tags : nattu vishesham Irresponsibility national road construction company