മാനന്തവാടി: വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമായി മാനന്തവാടി ഗവ. കോളജിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) റസ്പോണ്ഡ് പദ്ധതിയുടെ ഗവേഷണ അംഗീകാരം ലഭിച്ചതായി കോളജ് പ്രിൻസിപ്പൽ ഡോ. പി. പ്രിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. രോഹിത് കെ. രാജ് നേതൃത്വം നൽകുന്ന Heta Sink Integrated Xband Micrstorip Antenna Array എന്ന ഗവേഷണ പദ്ധതിക്കാണ് ഐഎസ്ആർഒയുടെ അനുമതി ലഭിച്ചത്.
ഐഐടി, എൻഐടിഐഎ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങളുമായി മത്സരിച്ചാണ് മാനന്തവാടി ഗവ. കോളജിന്റെ ഗവേഷണ പദ്ധതിക്ക് ഐഎസ്ആർഒയുടെ അംഗീകാരം ലഭിച്ചത്. രണ്ട് വർഷം ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 26.3 ലക്ഷം രൂപയാണ് ഐഎസ്ആർഒ അനുവദിച്ചിരിക്കുന്നത്.
ആദ്യ വർഷത്തെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഏകദേശം 20.5 ലക്ഷം രൂപയുടെ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.ബഹിരാകാശ ആവശ്യങ്ങൾക്കായുള്ള ആന്റിനാ സംവിധാനങ്ങളുടെ രൂപകൽപനയും വികസനവുമായി ബന്ധപ്പെട്ട ഗവേഷണമായതിനാൽ ജില്ലയിലെയും മാനന്തവാടി ഗവ. കോളജ് കാന്പസിലെയും ഇലക്ട്രോണിക്സ്, ഫിസിക്സ് വിദ്യാർഥികൾക്കും ഗവേഷണതത്പരരായ വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാകും.
ആന്റിനാ സിസ്റ്റങ്ങൾ, മൈക്രോസ്ട്രിപ്പ് ആന്റിനകൾ, തയമിറ സാങ്കേതികവിദ്യ, ബഹിരാകാശ ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള ഗവേഷണ പരിചയം നേടുന്നതിനും വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. ഐഎസ്ആർഒയുമായി സഹകരിച്ചുള്ള ഗവേഷണത്തിലൂടെ വയനാട്ടിലെ വിദ്യാർഥികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രായോഗിക മേഖലകളിലേക്ക് കടന്നുവരാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
വാർത്താസമ്മേളനത്തിൽ കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ പ്രഫ. ജാൾസണ് ജേക്കബ്, ഡോ. രോഹിത് കെ. രാജ് എന്നിവരും സന്നിഹാതരായിരുന്നു.