ജഗദീശന്റെ കൈയിൽനിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ തുക ഏറ്റുവാങ്ങുന്നു
നെടുമങ്ങാട് : വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കുളത്തോട്ടുമലയിലെ സ്നേഹാലയത്തിലെ അന്തേവാസി വെള്ളനാട് സ്വദേശിയായ ആർ. ജഗദീശൻ തന്റെ സമ്പാദ്യം മുഴുവൻ സ്നേഹാലയത്തിനു നൽകി മാതൃകയായി.
കഴിഞ്ഞ രണ്ടുവർഷമായി ജഗദീശൻ വയോജനങ്ങൾക്കായുള്ള വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ സ്നേഹാലയത്തിലാണ് താമസിച്ചു വരുന്നത്. കെട്ടിട നിർമാണം, ലോട്ടറി വിൽപന തുടങ്ങിയ ജോലികൾ ചെയ്തുവരവേയുണ്ടായ അസുഖത്തെ തുടർന്നാണ് ജഗദീശൻ സ്നേഹാലയത്തിലെത്തിയത്. ഇക്കഴിഞ്ഞ ഓണാഘോഷ വേളയിലാണ് തന്റെ സന്പാദ്യത്തുക സ്നേഹഭവനത്തിലേക്കു നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന തുകയിൽ അത്യാവശ്യം കടം വാങ്ങിയ പൈസ തിരികെ നൽകിയ ശേഷം അവശേഷിച്ച ഒരു ലക്ഷം രൂപയാണ് സ്നേഹാലയത്തിനു നൽകിയത്.
ജഗദീശന്റെ കൈയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ തുക ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിഷ്ണു ആനപ്പാറ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനുഷ്മ ബഷീർ, കെ.വി. ശ്യാം, എസ്. ഷീജ, നിഷ സജികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : District News Nattuvishesham donating Jagadeesha care home