ആലപ്പുഴ: 50-ാം ജൂണിയർ സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആലപ്പുഴ ജില്ലാ ടീമിൽനിന്ന് നാലു പേർ സംസ്ഥാന പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സുഭദ്ര ജയകുമാർ, തേജസ് തോബിയാസ്, അഞ്ജു എ. ജോസഫ്, ഗംഗ രാജഗോപാൽ (സ്റ്റാൻഡ് ബൈ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ബോബിറ്റ് മാത്യു അവാർഡ് സുഭദ്ര കരസ്ഥമാക്കി.കോച്ച് എസ്. ഷഹബാസിന്റെ നേതൃത്വത്തിൽ ടൂർണമെന്റിൽ ഉടനീളം ആലപ്പുഴ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ കോട്ടയം ജില്ലയെയും സെമി ഫൈനലിൽ കണ്ണൂരിനെയും പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ കോഴിക്കോടിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
സ്കോർ: 64 - 54. നീബ നവാസായിരുന്നു മാനേജർ.ആൺകുട്ടികളുടെ വിഭാഗത്തിൽ അക്ഷയ് അലക്സും ആലപ്പുഴയിൽനിന്ന് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ആലപ്പി ഡിസ്ട്രിക്റ്റ് ബാസ്കറ്റ് ബോൾ അസോസിയേഷൻ അഭിനന്ദിച്ചു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, സ്പോൺസർ മെഡിവിഷൻ ലാബ്സ് എംഡി ബിബു പുന്നൂരാൻ, പരിശീലകരായ ബിനു, സുഭാഷ്, നരേഷ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu visheshsam Basketball Championship