കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ ജില്ലാ കളക്ടർക്ക് നിവേദനം കൈമാറുന്നു.
പാലക്കാട്: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനം മലയോര കർഷകരെയും പൊതുജനങ്ങളെയും കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഇത് പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കളക്ടർ മുഖേന മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി.
ജൂലൈ 27ന് കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ കരട് വിജ്ഞാപനത്തിനെതിരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. സാധാരണയായി 540 ദിവസങ്ങൾ ലഭിച്ചിരുന്നിടത്തു ഇത്തവണ 60 ദിവസം മാത്രമാണ് അനുവദിച്ചത്. മറ്റ് അഞ്ച് പശ്ചിമഘട്ട സംസ്ഥാനങ്ങൾക്ക് തങ്ങളുടെ അതിർത്തികളെക്കുറിച്ചുള്ള ജിയോ-കോർഡിനേറ്റുകളും ഭൂപടങ്ങളും പരിശോധിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ സൗകര്യം നൽകിയിരുന്നു. എന്നാൽ കേരളത്തിന് 131 വില്ലേജുകളുടെ പേരുവിവരങ്ങൾ മാത്രമാണ് നൽകിയത്. തങ്ങളുടെ പുരയിടങ്ങളോ കൃഷിയിടങ്ങളോ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും കർഷകർക്കു സാധിക്കുന്നില്ല. ഇഎസ്എ വിജ്ഞാപനം വന്നാൽ സ്വന്തം കൃഷിയിടത്തിൽ കുഴൽക്കിണർ നിർമിക്കുന്നതും കിണർ കുഴിക്കുന്നതും പോലും ഖനനത്തിന്റെ പരിധിയിൽ പെടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് നിർമിക്കാനോ വികസന പ്രവർത്തനങ്ങൾ നടത്താനോ കേന്ദ്ര പരിസ്ഥിതി അനുമതിവേണം. ജില്ലയിലെ കിഴക്കഞ്ചേരി, അട്ടപ്പാടിയിലെ അഗളി, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, ചിറ്റൂരിലെ മുതലമട-1, മുതലമട-2, നെല്ലിയാന്പതി, മണ്ണാർക്കാട്ടെ പാലക്കയം, മലന്പുഴ-1, പുതുശേരി ഈസ്റ്റ്, പുതുപ്പരിയാരം-1 എന്നീ 14 വില്ലേജുകൾ ഇപ്പോഴും പുതിയ കരടിൽ ഉൾപ്പെട്ടിരിക്കുകയാണ്.
വിജ്ഞാപനം അന്തിമമാക്കുന്നതിന് മുൻപ് യഥാർഥ മാപ്പുകളും കെഎംഎൽ ഫയലുകളും പൊതുജനങ്ങൾക്ക് പരിശോധിക്കാനായി പുറത്തുവിടണമെന്നും വനാതിർത്തിക്കുള്ളിൽ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്തണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, സെക്രട്ടറി എം.ആർ. മുരളി, ജില്ലാ ട്രഷറർ എസ്. സുഭാഷ് ചന്ദ്രബോസ്, സംസ്ഥാന കമ്മിറ്റിയംഗം ജോസ് മാത്യൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബിനോയ് ചാക്കോ എന്നിവരാണ് നിവേദനം നൽകിയത്
Tags : NattuVishesham.DistricteNews