കടനാട്: ജൂലൈ 11നു നടക്കുന്ന കടനാട് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ യോജിച്ച നിലപാട് സ്വീകരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാകണമെന്ന് ബാങ്ക് നിക്ഷേപകരുടെ യോഗം.
2023 നവംബര്‍ മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലിരിക്കുന്ന കടനാട് സഹകരണബാങ്കില്‍ 50 കോടിയിലേറെ നിക്ഷേപവും 45 കോടിയിലേറെ വായ്പയും കൂടാതെ 40 കോടിയിലേറെ പിരിഞ്ഞു കിട്ടേണ്ട പലിശയും അവശേഷിക്കുന്നതായാണ് കണക്കെന്ന് യോഗം വിലയിരുത്തി.
രണ്ടു ലക്ഷത്തിലേറെ തുക ചെലവഴിച്ച് നടത്തേണ്ടിവരുന്ന ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കി, പൊതുസമ്മതരായ 13 പേരെ കണ്ടെത്തി ഭരണച്ചുമതല ഏൽപ്പിക്കാൻ ഇടത്-വലത്-ബിജെപി മുന്നണികള്‍ തയാറാകണമെന്ന് കൊല്ലപ്പള്ളി വ്യാപാരഭവനില്‍ ചേര്‍ന്ന നിക്ഷേപകരുടെ യോഗം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ അഖില കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, കടനാട് ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ ജോണ്‍ പുതിയാമഠം, ജോയി ചന്ദ്രന്‍കുന്നേല്‍, ജോസഫ് പാണ്ടിയാംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.