വടകര: വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് അന്വേഷണത്തിന് എസ്ഐടിയെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി വടകര എംപി ഷാഫി പറമ്പില്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങള്‍ ആസൂത്രിതമായി നിര്‍മിച്ചതാണ് കാഫിര്‍ എന്ന വ്യാജ സ്ക്രീന്‍ഷോട്ട്.
ഈ നുണപ്രചാരണത്തിന് പിന്നിലെ യഥാര്‍ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സിപിഎം കേന്ദ്രങ്ങള്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്.
കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തത്.
സൈബര്‍ ലോകത്തെ ഏതൊരു പോസ്റ്റിന്റെയും ഉറവിടം കണ്ടെത്താന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമായിരിക്കെ പോലീസ് നിസംഗത പുലര്‍ത്തിയത് പ്രതികളെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായിരുന്നു- ഷാഫി പറമ്പില്‍ ആരോപിച്ചു.
Tags : Local News Nattuvishesham Kozhikode