കാന്തല്ലൂരിൽ വിദഗ്ധസംഘം തെളിവെടുപ്പ് നടത്തുന്നു.
മറയൂർ: കാന്തല്ലൂർ - വട്ടവട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയായ സേതുപാർവതിപുരം റോഡ് വീണ്ടും തുറന്നുകൊടുക്കുന്നതിന് വിദഗ്ധസമിതിയുടെ സ്ഥലപരിശോധന പൂർത്തിയായി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധസമിതിയാണ് പരിശോധന നടത്തിയത്.
ദേവികുളം സബ് കളക്ടർ വി.ആർ. ആര്യയുടെ നേതൃത്വത്തിലുള്ള സമിതി റോഡിന്റെ പൂർണദൈർഘ്യവും പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്നും വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും തെളിവുകൾ ശേഖരിച്ചു. റോഡിന്റെ ആവശ്യകത, നിലവിലെ സ്ഥിതി, പൊതുമരാമത്ത് വകുപ്പിന്റെ രേഖകൾ, കേന്ദ്ര ഉന്നതാധികാര സമിതിയുടെ ഉത്തരവുകൾ എന്നിവ സമിതി വിശദമായി പരിശോധിച്ചു.
തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിൽ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവൻരാജ്, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഭാഗ്യരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ, പഞ്ചായത്തംഗങ്ങൾ, പൊതുപ്രവർത്തകരായ കോയ അമ്പാട്ട്, സിജോ മുണ്ടൻചിറ തുടങ്ങിയവരും ഗ്രാമവാസികളും പങ്കെടുത്തു.
വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കുമെന്ന് സബ് കളക്ടർ വി.ആർ. ആര്യ പറഞ്ഞു.