കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികൾ.
കാര്യവട്ടം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം ഇരുകൈയും നീട്ടി ക്രിക്കറ്റ് പ്രേമികള്‍ സ്വീകരിച്ചു. ഗാലറികള്‍ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളെക്കൊണ്ട് നിറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ ഗാലറികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ടിക്കറ്റ് വിറ്റഴിഞ്ഞ അതേ വേഗത്തില്‍ തന്നെ ഗാലറികളും നിറയുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കാണാന്‍ കഴിഞ്ഞത്. ടിക്കറ്റ് വില്പന ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ മൊത്തം ടിക്കറ്റും വിറ്റു തീര്‍ന്നിരുന്നു.
ഇന്ത്യയുടെ നീല ജേഴ്സിയുമണിഞ്ഞാണ് മുഴുവന്‍ ആരാധകരും എത്തിച്ചേര്‍ന്നത്, ഒപ്പം പലരുടേയും കൈയില്‍ ഇന്ത്യന്‍ പതാകയുമുണ്ടായിരുന്നു. വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും കാര്യവട്ടത്ത് നിറയെ ആരാധകരായിരുന്നു, കോഹ്ലി.... കോഹ്ലി ആര്‍പ്പുവിളികള്‍ ഗാലറിയില്‍ നിന്നും തുടരെ മുഴങ്ങി.
കാര്യവട്ടം സ്റ്റേഡിയത്തിലെ ആരാധകര്‍ നീല ജഴ്സി അണിഞ്ഞെത്തിയപ്പോള്‍ നീലാകാശവും മികവേകി. മാനം തെളിഞ്ഞു മഴ മാറിനിന്നു, അവധി ദിവസം കൂടി ആയതിനാല്‍ ഗാലറികള്‍ മുഴുവന്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇതിനു മുമ്പ് ശ്രീലങ്കയുമായും വെസ്റ്റിന്‍ഡീസുമായും ഇന്ത്യ കാര്യവട്ടത്ത് ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോഴും ഗാലറികള്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
ഇത്തവണ 38,500 റോളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇന്ത്യ ആദ്യം ബാറ്റിംഗ് ചെയ്യണമെന്നായിരുന്നു മത്സരം കാണാനെത്തിയവരില്‍ കൂടുതല്‍ ആരാധകരുടേയും അഭിപ്രായം. വിരാട് കോഹ്ലി മിന്നും പ്രകടനം കാഴ്ച്ച വെച്ച ഗ്രൗണ്ടായ കാര്യവട്ടം സ്റ്റേഡിയത്തില്‍ രോഹിതിന്റെയും കോഹ്ലിയുടേയും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നു കാണാന്‍ തന്നെയായിരുന്നു കാണികള്‍ ഒഴുകിയെത്തിയതും. ഇന്ത്യ ബാറ്റിംഗിനിറങ്ങിയതോടെ ഗാലറിയിലെ ആവേശം വാനോളമുയര്ന്നും.
മെക്സിക്കന്‍ തിരമാലയായി ജനസാഗരത്തിന്റെ ആവേശം.കാര്യവട്ടം എപ്പോഴും ക്രിക്കറ്റിനെ ഇരികൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നതിന്റെ നേര് സാക്ഷ്യമായിരുന്നു ഇത്.