ഡോ. ജയകൃഷ്ണനും ഭാര്യ ഡോ. ഇന്ദുലേഖയും
പാലിയേക്കര: മുപ്പതാം വിവാഹവാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളി ഡോക്ടർ ദമ്പതികൾ. കലയോടുള്ള അഭിനിവേശവും സ്വപ്നസാക്ഷാത്കാരവുമായി പാലിയേക്കര ശ്രീഭദ്രം ഓഡിറ്റോറിയത്തിൽ ഇരുവരും കഥകളി അരങ്ങേറ്റംകുറിച്ചു.
യുകെയിൽ ഡോക്ടർമാരായ ഡോ. ജയകൃഷ്ണനും ഭാര്യ ഡോ. ഇന്ദുലേഖയുമാണ് കളിവിളക്കിന് മുന്നിൽ വിസ്മയമൊരുക്കിയത്. രുഗ്മാംഗദചരിതം കഥയിലെ മഹാവിഷ്ണുവായി ഡോ. ഇന്ദുലേഖയും സന്ധ്യാവലിയായി ഡോ. ജയകൃഷ്ണനും വേഷമിട്ടു. തിരക്കിട്ട ജീവിതത്തിനിടയിലും ഓൺലൈൻ വഴിയാണ് ഇരുവരും കഥകളി അഭ്യസിച്ചത്. കഥകളിനടൻ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ കീഴിലായിരുന്നു ഇവരുടെ ഓൺലൈൻ കഥകളി പഠനം. ദൂരപരിധികളോ തിരക്കുകളോ കലയോടുള്ള പ്രണയത്തിന് തടസമല്ലെന്ന് ഇവർ തെളിയിച്ചു.