കിബോ എക്സ്എസിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മിനി ആലീസ്, മിഴി ക്ലബ് അംഗം അതുൽ കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ആലുവ: കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങളും പഠനസാമഗ്രികളും കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കിബോ എക്സ്എസ് ഉപകരണം യൂണിയൻ ക്രിസ്ത്യൻ കോളജ് സെൻട്രൽ ലൈബ്രറിയിൽ സജ്ജമാക്കി. കിബോ എക്സ്എസിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മിനി ആലീസ്, മിഴി ക്ലബ് അംഗം അതുൽ കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു.
കോളജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ചു. സെൻട്രൽ ലൈബ്രറിയും മിഴി ക്ലബും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോളജ് ലൈബ്രേറിയൻ ചിത്ര അശോക്, മിഴി ക്ലബ് കോ ഓർഡിനേറ്റർമാരായ ഡോ. ആൻ മേരി ജേക്കബ്, കെ.എസ്. സവാദ്, ഡോ. രജു ജസ്റ്റിൻ, തസ്നി നവാസ്, ഡോ. സ്മിത സി. ഇളയിടം എന്നിവർ പ്രസംഗിച്ചു.
ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും ഓഡിയോ രൂപത്തിലേക്ക് മാറ്റി കേൾക്കാനും പഠനത്തിനായി ഉപയോഗിക്കാനും കിബോ എക്സ്എസ് സഹായിക്കും. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് കൂടുതൽ സ്വതന്ത്രമായി പഠിക്കാനും ലൈബ്രറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ഉപകരണം സഹായകമാകും.റൂസ ഫണ്ടിന്റെ സഹായത്തോടെയാണ് ഉപകരണം ലഭ്യമാക്കിയത്.
Tags : NattuVishesham DistrictNews