പോരുവഴി ഇടയ്ക്കാട്ടില്‍ കെഐപി കനാല്‍ കാടുമൂടി കിടക്കുന്നു.
കൊല്ലം : പോരുവഴി ഇടയ്ക്കാട്ടില്‍ കെഐപി കനാല്‍ കാടുമൂടിയതോടെ ഇഴ ജന്തുക്കളുടെയും കാട്ടുപന്നികളുടെയും കേന്ദ്രമായി മാറി. ഇവിടെ നവീകരണവും വൃത്തിയാക്കുന്ന ജോലികളും നടക്കുന്നില്ല. അതോടെ പോരുവഴി ഇടയ്ക്കാട്ടില്‍ കെഐപി കനാല്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ പോകുന്നു. കനാലുണ്ടെങ്കിലും വെള്ളമൊഴുകാത്ത അവസ്ഥയാണ്.
കഴിഞ്ഞ നാലുവര്‍ഷമായി പോരുവഴിയുടെ കിഴക്കന്‍മേഖലയിലെ കനാലുകളില്‍ നവീകരണമോ അറ്റകുറ്റപ്പണികളോ നടന്നിട്ടില്ല. ഇവിടത്തെ കനാലുകളെ കെഐപി ഉപേക്ഷിച്ച നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കനാലുകളില്‍ വലിയരീതിയില്‍ കാടും വള്ളിപ്പടര്‍പ്പ് വളര്‍ന്നു പന്തലിച്ചു കിടക്കുകയാണ്.
വലിയമരങ്ങളും വളര്ന്നുനില്ക്കുന്നു. വൃത്തിയാക്കാതായതോടെ മാലിന്യങ്ങളും നിറഞ്ഞു. കനാലാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മാത്രമല്ല മഴയില്‍ ഒലിച്ചിറങ്ങുന്ന മണ്ണ് പലയിടത്തും നിറഞ്ഞു കിടക്കുകയും ചെയ്യുന്നു. അതിനാല്‍ കനാല്‍ തുറക്കുമ്പോള്‍ വെള്ളമൊഴുക്ക് നിലയ്ക്കുകയാണ്. കാര്‍ഷികാവശ്യത്തിനായി എവിടേക്കും വെള്ളമെത്തുന്നില്ല.
വേനലില്‍ ഏക അശ്രയം കനാല്‍ മാത്രം
വേനല്‍ക്കാലത്ത് ഇടയ്ക്കാട് പ്രദേശത്തെ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടേണ്ടിവരും. ശാസ്താംകോട്ട കെഐപി സബ് ഡിവിഷനു കീഴിലുള്ള കടമ്പനാട്-ഇടയ്ക്കാട് മെയിന്‍ കനാലാണ് പ്രദേശത്തുകൂടി കടന്നുപോകുന്നത്. രണ്ടുമുതല്‍ അഞ്ചുവരെയുള്ള വാര്‍ഡുകള്‍ ഈ കനാലിന്റെ പരിധിയിലാണ്.
വേനല്‍ക്കാല ആരംഭം മുതലേ പോരുവഴിയിലെ ഉയര്‍ന്നപ്രദേശമായ ഇടയ്ക്കാട്ടില്‍ കുടിവെള്ളക്ഷാമം തുടങ്ങും. ഫെബ്രുവരി പകുതിയോടെ കിണറുകള്‍ വറ്റിത്തുടങ്ങും.
പള്ളിക്കലാറ്റിലെ നീരൊഴുക്ക് കുറയുന്നതോടെ ആറിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ബംഗ്ലാവ് വെസ്റ്റ് കുടിവെള്ളപദ്ധതിയില്‍ നിന്ന് പൊതു പൈപ്പുവഴിയുള്ള ജലവിതരണവും നിലയ്ക്കും. അതോടെ കുടിവെള്ളംമുട്ടുന്ന സ്ഥിതിയാകും. പിന്നെയുള്ള ഏക ആശ്രയം കെഐപി കനാലാണ്.
കനാലിലെ ഉറവ കിണറുകള്‍ക്ക് ജീവനേകും
വേനല്‍ കടുക്കുന്നതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്കൊപ്പം താണ പ്രദേശങ്ങളിലും കിണറുകളിലെ ജല നിരപ്പ് താഴും. ഈ സമയം കനാലിലൂടെ വരുന്ന വെള്ളം ഉറവകളായി കിണറുകളിലെത്തിയാണ് ജലക്ഷാമം പരിഹരിക്കുന്നത്. കനാല്‍ വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാല്‍ ഒഴുക്ക് തടസപ്പെടുന്നു. കനാല്‍ തുറന്ന് ആഴ്ചകള്‍ കഴിയുമ്പോള്‍ ഇടയ്ക്കാട് ഭാഗത്തേക്ക് കുറച്ചുവെള്ളം എത്തുന്നതാണ് നിലവിലെ രീതി.
കനാലില്‍ അടിഞ്ഞു കിടക്കുന്ന മണ്ണ് നനയാന്‍ വന്നെത്തുന്ന ജലം കൊണ്ട് തികയാറില്ല. അതിനാല്‍ വേനല്ക്കാലത്തിനുമുന്പ് കനാല്‍ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ വേനല്‍ ആരംഭത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെത്തി പുല്ലുചെത്തി തീയിടുകയുണ്ടായി. മറ്റ് വൃത്തിയാക്കലൊന്നും നടന്നില്ല.
കനാലുകളില്‍ വളര്ന്നുനില്ക്കുന്ന കാടുകളില്‍ ഇഴജന്തുക്കളും വന്യജീവികളും പെരുകിയത് തീരവാസികള്‍ക്ക് ദുരിതവുമായി. കനാലുകള്‍ കാട്ടുപന്നികളുടെ ആവാസകേന്ദ്രവുമായി മാറിയിരിക്കുകയാണിപ്പോള്‍.
Tags : KIP canal at Idakkattu KIP canal NattuVishesham DistrictNews