കോട്ടയം: ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില് സംഘടിപ്പിച്ച വിഷു ചന്തകള്ക്ക് 42 ലക്ഷം രൂപയുടെ വിറ്റുവരവ്. ജില്ലയിലെ 78 സിഡിഎസുകളാണ് വിഷു ചന്തകള് നടത്തിയത്.
10 മുതല് 14 വരെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് വിപണനമേളകള് സംഘടിപ്പിച്ചത്.
ഗുണമേന്മയുള്ള കാര്ഷിക ഉത്പന്നങ്ങളും സൂക്ഷ്മസംരംഭങ്ങളില്നിന്നുള്ള വൈവിധ്യമാര്ന്ന ഉത്പന്നങ്ങളും മേളയെ സമ്പന്നമാക്കി.
പായസമേളയും പ്രത്യേക വിഷു കിറ്റുകളും മേളയിലെ പ്രധാന ആകര്ഷണങ്ങളായിരുന്നു. സിഡിഎസ് തലത്തില് പ്രവര്ത്തിക്കുന്ന കൃഷിഗ്രൂപ്പുകള് ഒരുക്കിയ തണ്ണിമത്തന്, കണിവെള്ളരി, ചീര, പയര് തുടങ്ങിയ വിഷരഹിത കാര്ഷികോത്പന്നങ്ങള് വലിയ വരവേല്പ്പ് നേടി. ഇതോടൊപ്പം ധാന്യപ്പൊടികള്, കറിപ്പൊടികള്, ചമ്മന്തിപ്പൊടികള്, അച്ചാറുകള് എന്നിവയും വിപണിയില് ലഭ്യമായിരുന്നു.
ഓരോ സിഡിഎസുകളിലെയും സംഘകൃഷി യൂണിറ്റുകളുടെയും കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകളുടെയും വൈവിധ്യമാര്ന്ന ഉത്പന്നങ്ങളും വിപണനത്തിനായി ഒരുക്കിയിരുന്നു. പലഹാരങ്ങള്, ഭക്ഷ്യവസ്തുക്കള്, കൈത്തറി ഉത്പന്നങ്ങള് എന്നിവയും മേളയില് ലഭ്യമായി.
ജെഎല്ജി ഗ്രൂപ്പുകള് ഒരുക്കിയ നാടന് പച്ചക്കറികള് ഉള്പ്പെടുത്തിയ വിഷു കിറ്റുകള്ക്കും മികച്ച ആവശ്യമാണ് ഉണ്ടായത്. കണിക്കൊന്നപ്പൂവ് മുതല് വിവിധ പഴങ്ങളും പച്ചക്കറികളും ഉള്പ്പെടുത്തിയ കിറ്റുകള് വിപണിയില് ശ്രദ്ധ നേടി.
Tags : Vishu Chanda nattuvishesham local news