മറ്റത്തൂരിലെ കുഞ്ഞാലിപ്പാറ താഴ്വര.
മറ്റത്തൂര്‍: കോടശേരി താഴ്വരയിലെ പ്രകൃതിരമണീയമായ കുഞ്ഞാലിപ്പാറ കുന്നുകള്‍ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു. വനമേഖലയോടുചേര്‍ന്നുള്ള ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതി പ്രധാന്യവും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാനൊരുങ്ങുന്നത്.
വലിയൊരു കോട്ടപോലെ ഉയര്ന്നുനില്ക്കുന്ന കോടശേരിമലയോടു ചേര്‍ന്നാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ കുഞ്ഞാലിപ്പാറകുന്ന് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായ ഇവിടം പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമാക്കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നിരുന്നു.
2024ലാണ് ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലുള്പ്പെടുത്തി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേര്‍ന്ന് കുഞ്ഞാലിപ്പാറ ടൂറിസംപദ്ധതിക്ക് രൂപം നല്‍കിയത്. ടൂറിസം വകുപ്പും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുഞ്ഞാലിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാല്‍നട പാലം, ടിക്കറ്റ് കൗണ്ടര്‍, ബയോ ടോയ്ലറ്റുകള്, കുന്നിന്റെ താഴത്തെ ഭാഗത്ത് കുട്ടികള്‍ക്കായി കളിസ്ഥലം, റസ്റ്ററന്റ്്, കഫേ, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ സജ്ജമാക്കാനുള്ള പ്രോജക്ട് നേരത്തെ പഞ്ചായത്ത് തയാറാക്കി സമര്‍പ്പിച്ചിരുന്നു.
കുന്നിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കനുസരിച്ചുളള ഉയര്‍ന്ന മലകയറ്റങ്ങള്‍, റോപ്പ്വേ മുതലായവയാണ് പദ്ധതിയില്‍ ഉള്പ്പെടുത്താനുദ്ദേശിച്ചത്. കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്ററും ഇവിടെ സ്ഥാപിക്കാന്‍ ലക്ഷ്യമുണ്ട്.
ഇതിന്റെ ഭാഗമായി കെ.കെ.രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 2024ല്‍ അന്നത്തെ കളക്ടര്‍ വി.ആര്. കൃഷ്ണതേജയും 2025 ഓഗസ്റ്റില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ച് ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ പ്രവേശന കവാടം, പാര്‍ക്കിംഗ് സൗകര്യം, കഫ്ത്തീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഒരു കോടിരൂപയോളം ചെലവുവരുന്ന പദ്ധതിയുടെ കരടുരൂപം ഡിടിപിസി തയ്യാറാക്കി ജില്ല കളക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അരയേക്കര്‍ ഭൂമി പദ്ധതിക്കായി അനുവദിക്കപ്പെട്ടു.
മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് കോടശേരി വില്ലേജില്‍ സര്‍വേനമ്പര്‍ 951 ല്‍ പെട്ട 50 സെന്റ് ഭൂമിയാണ് പദ്ധതി നടപ്പാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിക്ഷിപ്തമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ടൂറിസം, റവന്യൂ വകുപ്പുകളും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള ജോയിന്റ് വേരിഫിക്കേഷന് സര്‍വേ കുഞ്ഞാലിപ്പാറയില്‍ നടന്നിരുന്നു. അനുവദിക്കപ്പെട്ട സ്ഥലത്ത് സര്‍വേ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ക്കായി ടൂറിസം വകുപ്പിന് കൈമാറി.ഏറെക്കാലമായി കാത്തിരിക്കുന്ന ടൂറിസം പദ്ധതി വൈകാതെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മറ്റത്തൂരിലെ ജനങ്ങള്‍.
Tags : NattuVishasham DistrictNews