ചെമ്പനോട കടന്തറപ്പുഴയോര മണ്ണിടിച്ചിൽ ഭാഗങ്ങൾ ഇറിഗേഷൻ വകുപ്പുദ്യോഗസ്ഥരും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സന്ദർശിക്കുന്നു.
പെരുവണ്ണാമൂഴി: കടന്തറപ്പുഴയുടെ വശങ്ങളിലെ കൃഷിഭൂമിയിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിലും സാധ്യത ഉള്ള സ്ഥലങ്ങളിലും കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ച് പ്രശ്ന പരിഹാരം കാണാൻ കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
നിലവിൽ പുഴയിൽ അടിഞ്ഞു കൂടിയ കല്ലുകളും മണ്ണും നീക്കം ചെയ്ത് വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് സ്ഥലം സന്ദർശിച്ച മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ഗിരീഷ്കുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ രഞ്ജിത്ത് എന്നിവർ പറഞ്ഞു. ഉടൻ തന്നെ വിശദമായ ഡി പി ആർ തയ്യാറാക്കി ഇതിനാവശ്യമായ മേൽ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വാർഡ് മെമ്പർ ജിനീഷ് കല്ലും പുറത്ത് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.
കേരളാകോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. എം. ജോർജ്, ജില്ലാ ജനൽ സെക്രട്ടറി രാജീവ് തോമസ് എന്നിവർ ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകിയിരുന്നു.
Tags : District News Nattuvishesham Landslides Kadanthara River Inspection conducted