ചവറ: എൽഡിഎഫ് - യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചവറയിൽ തുടക്കമായി. ചവറയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണും നിലവിൽ എംഎൽഎയും എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ സുജിത്ത് വിജയൻ പിള്ളയുമാണ് കഴിഞ്ഞ ദിവസം ചവറ മുതൽ ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി പ്രചാരണം ആരംഭിച്ചത്. ഇരുകൂട്ടരും വീടുതോറും കയറിയുള്ള സന്ദർശനവും തുടങ്ങിയിട്ടുണ്ട്. പ്രാദേശിക സംഗമങ്ങൾക്കും തുടക്കമായി. ബൂത്തുതല യോഗങ്ങൾ, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിച്ച് വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ നടത്തും.
ഇരുവിഭാഗം മുന്നണികളുടെ യുവജനങ്ങളും വനിതാ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങിയതോടെ പ്രചാരണത്തിന് കൂടുതൽ ഊർജം ലഭിച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ, ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കാനാണ് അവരുടെ പ്രധാന ലക്ഷ്യം. അതേസമയം ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തി ശക്തമായ തിരിച്ചുവരവ് നേടാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും യുഡിഎഫിന്റെ കാലത്ത് ചവറയിൽ കൊണ്ടുവന്ന പല പദ്ധതികളും 10 വർഷമായിട്ടും പൂർത്തീകരിക്കാത്തതും പുതിയ വാഗ്ദാനങ്ങൾ മുന്നോട്ട് വച്ചും യുഡിഎഫ് പ്രചാരണം ശക്തമാക്കുകയാണ്.
ബിജെപി മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുവെങ്കിലും ചവറയിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് വിവരം. പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ശക്തമായ സ്ഥാനാർഥിയുമായി രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മണ്ഡലത്തിൽ വിജയം നേടിയത്.
അതിനാൽ നിലവിലെ സ്ഥാനം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുകയാണ്.
എന്നാൽ വിജയം തിരിച്ചുപിടിക്കാനുള്ള ഉറച്ച ലക്ഷ്യത്തോടെ യുഡിഎഫ് ശക്തമായി പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്.യുഡിഎഫ് , എൽഡിഎഫ് മുന്നണികൾക്കൊപ്പം ബിജെപി കൂടി സജീവമായി രംഗത്തിറങ്ങിയാൽ മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരം തന്നെ ഉണ്ടാകും. അടുത്ത ദിവസങ്ങളിൽ മീന ചൂടിനൊപ്പം രാഷ്ട്രീയ ചൂടും ഉയരും.