ഡീന്‍ കുര്യാക്കോസ് എംപി
തൊടുപുഴ: ഇഎസ്എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് ഡീന്‍ കുര്യാക്കോസ്എംപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒന്നാമത്തെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ വന്നതിനുശേഷം 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഒടുവില്‍ 2024 നവംബറില്‍ മാത്രമാണ് ഭേദഗതി നിര്‍ദേശിച്ച് കത്ത് കൈമാറിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ 9993.07 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ നിജപ്പെടുത്തണമെന്ന് ശിപാര്‍ശ നല്കുമ്പോള് ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇഎസ്എ 9993.7 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. പിന്നീട് അഞ്ചു കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാണ്. ഈ ഘട്ടത്തില്‍ കരടുവിജ്ഞാപനത്തില്‍ വേണ്ടത്ര ഭേദഗതി നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകമായ അന്തിമ വിജ്ഞാപനം ആകാമെന്നാണ് നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ നയം. ഇതു സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ കേരളത്തിനായുളള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പറ്റുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാതെപോയത് കഴിഞ്ഞ സര്‍ക്കാരിന്റെ വീഴ്ചയാണ്.
ഇടുക്കി ജില്ലയില്‍നിന്നു നേരത്തേ ഇഎസ്എ പരിധി ഉള്‍ക്കൊള്ളിച്ചിരുന്ന വില്ലേജുകളില്‍ 23 വില്ലേജുകള്‍ പൂര്‍ണതോതില്‍ ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഡോ. സഞ്ജയ്കുമാര്‍ നേതൃത്വം നല്കുന്ന കേന്ദ്രസംഘവുമായി മുഖ്യമന്ത്രിതലത്തില്തന്നെ കഴിഞ്ഞ ജൂലൈ 15ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. ഈ ഘട്ടത്തിലും ഒഴിവാക്കപ്പെടുന്ന വില്ലേജുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നല്‍കേണ്ടിയിരുന്നത്.
കേന്ദ്രം ചോദിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് കേരളത്തിലെ പരിസ്ഥിതി മന്ത്രാലയം മറുപടി തയാറാക്കി വരികയാണ്. ഈ വിഷയം മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍തന്നെ കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് സംസ്ഥാനം മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഇഎസ്എ പരിധിയില്‍ വരാന്‍ പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും എംപി പറഞ്ഞു. കിഴക്കന്‍മേഖലയുടെ വികസനത്തിന് മൂവാറ്റുപുഴ ജില്ല അനിവാര്യമാണെന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
എന്നാല്‍, തൊടുപുഴയുടെ വികാരത്തിന് ഒപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ ഇന്ന് സമഗ്ര സുരക്ഷ പരിശോധന നടക്കും. വിഷയത്തില്‍ തമിഴ്നാട് പിടിവാശി ഉപേക്ഷിക്കണം. സാങ്കേതികവിദ്യയുടെയും പരിശോധനാറിപ്പോര്ട്ടിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാകണം. നേര്യമംഗലം - അടിമാലി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന്റെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവ് വരുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്നും എംപി വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Dean Kuriakose