പാലാ: കാര്‍ഷിക പാരമ്പര്യത്തെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറിക്കൃഷി ശ്രദ്ധയാകര്‍ഷിക്കുന്നു. പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി, പയര്‍, പപ്പായ, ചീര, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍, ചേന, പടവലം, ബെന്തി മുതലായവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും അവധി ദിവസങ്ങളിലും പഠനസമയം നഷ്ടപ്പെടുത്താതെയാണ് തങ്ങള്‍ പച്ചക്കറികള്‍ക്ക് വെള്ളം ഒഴിക്കുന്നതും അവയെ പരിപാലിക്കുന്നതെന്നും കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു.
പൂര്‍ണമായും ജൈവരീതിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വളവും ജൈവം തന്നെ. കുട്ടികള്‍ക്ക് കരുത്തായി സ്കൂളിലെ അധ്യാപകരും കൂടെയുണ്ട്. ഈ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും റോവര്‍ ലീഡറുമായ നോബി ഡൊമിനിക്കാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. പച്ചക്കറിക്കൃഷി കൂടാതെ പൂവുകൃഷിയും മത്സ്യക്കൃഷിയും സ്കൂളില്‍ നടന്നുവരുന്നുണ്ട്. മത്സ്യപരിപാലനവും തീറ്റ നല്‍കലും എല്ലാം കുട്ടികള്‍ തന്നെ.
പാലാ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ പൂവിന് പകരം കുട്ടികള്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ നല്കുകവഴി എല്ലാവരുടെയും പ്രശംസ നേടാന്‍ കുട്ടികള്‍ക്കായി. കൃഷിയോടും അടുക്കളത്തോട്ടം എന്ന ആശയത്തോടും അവരെ ആഭിമുഖ്യമുള്ളവരാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു പറഞ്ഞു.