പ്രതീകാത്മക ചിത്രം
തൃശൂർ: വാറന്റി പരിധിയിൽ ടിവിക്ക് തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽചെയ്ത ഹർജിയിൽ പരാതിക്കാരന് ഉപഭോക്തൃ കോടതിയുടെ അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര്‍ പല്ലൻ വീട്ടിൽ എ.കെ. ജോണി ഫയൽ ചെയ്ത ഹർജിയിലാണ് നടപടി. ടിവിക്ക് മൂന്നുവർഷം വാറന്റി വാഗ്ദാനം ചെയ്തിരുന്നു. വാറന്റി കാലാവധിയിൽ കേടുവന്ന ടിവി രണ്ടാഴ്ചയെടുത്ത് നന്നാക്കി എന്നുപറഞ്ഞ് സർവീസ് സെന്ററിൽനിന്ന് ഉടമയ്ക്കു തിരികേനൽകി. എന്നാൽ തകരാർ ആവർത്തിച്ചു. തുടർന്നാണ് ഹർജി ഫയൽ ചെയ്തത്.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് പരിഹാരമായി 20,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഈ തുകകൾക്ക് ഹർജിനൽകിയ തീയതി മുതൽ ഒന്‍പതു ശതമാനം പലിശയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.