കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടത്തിയ തദ്ദേശ സ്ഥാപന അധ്യക്ഷർക്കും സിഡിഎസ് ചെയർപേഴ്സണ്മാർക്കുമുള്ള ശില്പശാല മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കൽ: തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകങ്ങളായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അനാവശ്യമായ കിടമത്സരം ഉണ്ടാകരുതെന്നും തദ്ദേശ മന്ത്രി കെ.എം. ഷാജി.
മലപ്പുറം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനം ശക്തമാക്കുന്നതിനും നൂതന വികസന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സിഡിഎസ് ചെയർപേഴ്സൺമാർക്കും നടത്തിയ ജില്ലാതല സംയോജന ശില്പശാല കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ സ്ത്രീ ശക്തീകരണ രംഗത്തെ ഉജ്വല ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീസമൂഹം കൂടി കുടുംബ പുരോയാനത്തിന്റെ ഭാഗമായപ്പോൾ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായത്. സംരംഭകത്വ മേഖലയിൽ തുല്യതയില്ലാത്ത മാറ്റങ്ങൾ ഉണ്ടായി. പുതിയ കാലത്തെ അതിജീവനത്തിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സണ് കെ.കെ. നാസർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി രോഹിൽനാഥ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഉമ്മുസയീദ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram