നാട്ടിൻപുറങ്ങളിൽ നിന്നു ചക്കയെടുത്ത് അന്യദേശത്തേക്കു പോകുന്ന വാഹനം.
നെന്മാറ: നെന്മാറയിലും പരിസര പ്രദേശങ്ങളിലുമുള്ള നാട്ടിൻപുറങ്ങളിൽ ചക്കയ്ക്ക് പുതുവിപണി രൂപപ്പെടുന്നതു കർഷകരും വീട്ടുകാർക്കും വലിയ ആശ്വാസമായി.
മുമ്പ് പഴുത്ത ചക്കയ്ക്കു മാത്രമായി പരിമിതമായ രീതിയിൽ വ്യാപാരികൾ എത്താറുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ ഇടിച്ചക്ക പ്രായംമുതൽ ഏതുവലുപ്പത്തിലുള്ള ചക്കയും വ്യാപാരികൾ മരത്തിൽ നിന്നെല്ലാം ഒരുമിച്ച് വാങ്ങിക്കൊണ്ടുപോകുന്ന പ്രവണതയാണ് വ്യാപകമാകുന്നത്.
ഇടത്തരം വലുപ്പമുള്ള ചക്കയ്ക്ക് ഏകദേശം 25 രൂപയും ചെറിയ വലുപ്പത്തിലുള്ള ഇടിച്ചക്കയ്ക്കും അതിൽ താഴെയുള്ള ചക്കകൾക്കും അഞ്ചുരൂപ മുതൽ വില കണക്കാക്കി മരത്തിലെ മുഴുവൻ ചക്കയ്ക്കും മൊത്തമായി വില പറഞ്ഞാണ് വ്യാപാരം നടക്കുന്നത്.
പലപ്പോഴും വ്യാപാരികൾ തന്നെ മരത്തിൽ കയറി ചക്ക താഴെയിറക്കി എണ്ണത്തിനനുസരിച്ചോ മൊത്തമായോ വില നിശ്ചയിച്ച് കർഷകരിൽനിന്ന് നേരിട്ടുവാങ്ങുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സാധാരണയായി പ്ലാവുകളിൽ ധാരാളമായി വിളയുന്ന ചക്ക പഴുക്കുന്ന സമയത്ത് വിൽക്കാനാകാതെ പാഴാകുന്ന സാഹചര്യങ്ങൾ മുമ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചക്കയുടെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യകത ഉയർന്നതോടെ, അതിന്റെ പാഴാക്കൽ കുറയുകയും, വീട്ടുകാർക്ക് അധിക വരുമാനം ലഭിക്കുകയും ചെയ്യുന്നു.
പ്രധാനമായും ബംഗളൂരു, പൂനെ, കൊൽക്കത്ത, മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസേന ലോഡുകളായി പച്ചച്ചക്ക കയറ്റി അയക്കുന്നുണ്ട്. ഇവിടങ്ങളിൽ പച്ചച്ചക്ക ഉപയോഗിച്ച് ചക്കപ്പൊടി, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ നിർമിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ചില കമ്പനികൾ ഈ ഉത്പന്നങ്ങൾ വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നതായും വ്യാപാരികൾ പറയുന്നു. നാട്ടിൻപുറങ്ങളിൽ ചെറുകിട വ്യാപാരികളും സജീവമാണ്. ഇവർ ചെറിയ വാഹനങ്ങളിലോ പെട്ടി ഓട്ടോകളിലോ വീടുകളിലും തോട്ടങ്ങളിലുമെത്തി ചക്ക ശേഖരിച്ച് വടക്കഞ്ചേരി പോലുള്ള വ്യാപാരകേന്ദ്രങ്ങളിലേക്കെത്തിക്കുന്നു.
ഇതിലൂടെ ഗ്രാമീണതലത്തിൽ ചെറുകിട വിതരണ ശൃംഖലയും രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, മലയോര മേഖലകളിലെ നാട്ടുകാർക്ക് മറ്റൊരു വലിയ ആശ്വാസവുമുണ്ട്. ചക്ക പഴുക്കുന്ന കാലത്ത് കുരങ്ങ്, മലയണ്ണാൻ, കാട്ടാന തുടങ്ങിയ വന്യജീവികൾ പ്ലാവുകൾക്ക് ചുറ്റുമെത്തി ഭീഷണിയുണ്ടാക്കുന്ന സാഹചര്യം പതിവായിരുന്നു. എന്നാൽ ഇപ്പോൾ പഴുക്കുന്നതിനു മുൻപുതന്നെ ചക്ക നീക്കം ചെയ്യുന്നതിനാൽ ഈ ഭീഷണിയും കുറയുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Tags : Local market nattuvishesham local news