പാലക്കുഴി വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ പ്രഭാത് വായനശാലയുടെ നേതൃത്വത്തിൽ ടി.എം. ശശി എംഎൽഎ ആദരിച്ചപ്പോൾ.
വടക്കഞ്ചേരി: പാലക്കുഴി വെള്ളച്ചാട്ടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ സ്വന്തംജീവൻപോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ പാലക്കുഴിക്കാരായ പുതുച്ചിറകുഴിയിൽ സെബാസ്റ്റ്യൻ, മുട്ടത്തുപ്പാറ ജോജോ, മാളികപ്പുറത്ത് സാബു, ഞൊണ്ടിമാക്കൽ ബിനോച്ചൻ എന്നിവരെ പ്രഭാത് വായനശാലയുടെയും കലാസമിതിയുടെയും നേതൃത്വത്തിൽ നാട്ടുകാർ ആദരിച്ചു. ഇന്നലെ രാവിലെ പാലക്കുഴി പുഴയോരത്തായിരുന്നു അനുമോദന പരിപാടി.
നാടിന്റെ ധീരകേസരികളെ ടി.എം. ശശി എംഎൽഎ മൊമെന്റോ നൽകിയും പൊന്നാട ചാർത്തിയുമാണ് അഭിനന്ദിച്ചത്. ആലത്തൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രകൃതി മനോഹരമായ പ്രദേശം എന്ന നിലയിൽ സഞ്ചാരികൾക്ക് മതിയായ സുരക്ഷയൊരുക്കി പാലക്കുഴിയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നു എംഎൽഎ പറഞ്ഞു.
അപകട മുന്നറിയിപ്പ് ബോർഡുകളും വാച്ചർമാരെ നിയമിക്കുന്ന കാര്യവും പരിശോധിക്കും. ഇതിനായി ഈമാസം 23ന് മുമ്പ് പാലക്കുഴിയിൽതന്നെ ബന്ധപ്പെട്ട വകുപ്പ് അധികാരികളെക്കൂടി പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു. ഓണം അവധികളിലെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടി പരിഗണിച്ച് അടിയന്തിരമായി ചെയ്യേണ്ട സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തും. വായനശാല പ്രസിഡന്റ് ജോസ് ഊന്നുപാലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, ബ്ലോക്ക് മെംബർ യു. അഷറഫ്, വാർഡ് മെംബർ റെൻസി ജോയ്സ്, മുൻ മെംബർ പോപ്പി ജോൺ, ചാർളി മാത്യു പ്രസംഗിച്ചു. നീർണാംകുഴി (നൂറേക്കർ) തോമസ്, ഇല്ലിക്കൽ ഫ്രാൻസിസ്, ചെറുപ്ലാക്കൽ വേണു എന്നിവർ നാട്ടിലെ രക്ഷകർക്കു കാഷ് പ്രൈസും സമ്മാനിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കോയമ്പത്തൂരിൽ നിന്നുള്ള അഞ്ചംഗ സംഘത്തിലെ രണ്ടുപേർ പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തിൽ പ്പെട്ടത്.