ചാമപ്പാറയില്‍ കേരള-കര്‍ണാടക വനംവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചാമപ്പാറ, ശിവപുരം, ചണ്ണോത്തുകൊല്ലി, കൊളവള്ളി പ്രദേശങ്ങളില്‍ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണാന്‍ ശ്രമം ആരംഭിച്ചു.
ഇതിനായി കേരള-കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ചാമപ്പാറയില്‍ യോഗം ചേര്‍ന്നു. ബന്ദിപ്പുര കടുവാ സങ്കേതത്തിലെ ഗുണ്ടറ റേഞ്ചിലേയും ചെതലത്ത് റേഞ്ചിലേയും വനപാലകരുടെ നേതൃത്വത്തില്‍ ശല്യക്കാരായ ആനയെ കാടുകയറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്വനം വകുപ്പ് അധികൃതര്‍ ഉറപ്പ് നല്കി.
കേരള വനപാലകരെ സഹായിക്കാന്‍ സായുദ്ധരായ വനപാലകരെ നല്‍കാമെന്ന് ബന്ദിപ്പുര ഡിഎഫ്ഒ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രോണ്‍ പരിശോധനയിലൂടെ ആനയെ കണ്ടെത്തി കാടുവളഞ്ഞ് ഉള്‍വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
മേഖലയില്‍ ഒരു മാസത്തോളമായി കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കര്‍ണാടക വനത്തില്‍നിന്ന് കന്നാരംപുഴ കടന്ന് ട്രഞ്ചും ഫെന്‍സിംഗും തകര്‍ത്താണ് ആന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നത്. കര്‍ണാടക വനമേഖലയില്‍ പ്രവേശിച്ച് കേരളത്തിലെ വനംവകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുസംസ്ഥാനങ്ങളിലേയും വനപാലകരുടെ നേതൃത്വത്തില്‍ സംയുക്തമായി ആനയെ തുരത്താനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയത്.
മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, മിനി മാപ്പനാത്ത്, ലിംന ഷിനോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags : Nattuvishesham Local News drive away elephants