മമ്മിയൂരിൽ ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ നിലയിൽ.
ഗുരുവായൂർ: മമ്മിയൂരിൽ ടിപ്പർലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ചൊവ്വല്ലൂർ കുറുവങ്ങാട്ടിൽ അമർനാഥിനാണ് പരിക്കേറ്റത്. മമ്മിയൂർ എൽഎഫ് കോളജിന് സമീപം ഇന്നലെ രാവിലെ 11നായിരുന്നു അപകടം.
ചാവക്കാട് ഭാഗത്ത് നിന്ന് കോട്ടപ്പടിയിലേക്ക് റോഡുപണിക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സുമായി പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ലോറി റോഡരികിലേക്ക് മാറ്റിയപ്പോൾ എഡ്ജിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിക്സ് വീണത്.
കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു. ഈ സമയം കാറിനുള്ളിൽ ആളില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് അധികൃതരും നാട്ടുകാരും ചേർന്ന് വാഹനം റോഡിൽ നിന്ന് മാറ്റി.