നെല്ലാപ്പാറ ചൂരപ്പെട്ട വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി.
തൊടുപുഴ: പാലാ റൂട്ടില്‍ കരിങ്കുന്നം നെല്ലാപ്പാറയ്ക്കു സമീപം ചൂരപ്പെട്ട വളവില്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ഭാഗത്തുനിന്നു റവ കയറ്റി പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇറക്കം ഇറങ്ങുന്ന സമയത്ത് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവറും ഉടമയുമായ തമിഴ്നാട് ധര്‍മപുരി സ്വദേശി ശക്തിക്ക് (22) സാരമായി പരിക്കേറ്റു.
തൊടുപുഴയില്‍നിന്നു സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കരിങ്കുന്നം പോലീസും സ്ഥലത്തെത്തി.
കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന നെല്ലാപ്പാറ ഭാഗത്ത് ഡ്രൈവര്‍ക്കുള്ള പരിചയക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്നാണു സൂചന. ഏതാനും ദിവസം മുമ്പ് നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ തടി ലോറി നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു.