കളിമൺ ശില്പ നിർമാണ മത്സരത്തിൽ കുരുക്ക് വിഷയമാക്കി നിർമിച്ച ശില്പങ്ങളിൽ ചിലത്.
തിരുവല്ല: ഏഴ് ദിനങ്ങളിലെ കലാമാമാങ്കത്തിന് ഇന്നു തിരശീല വീഴും. മഹാത്മഗാന്ധി സർവകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. വൈകിയെത്തുന്ന മത്സരഫലങ്ങൾ അന്തിമ പോയിന്റ് നിർണയത്തിനു കാലതാമസം വരുത്തുന്നുണ്ടെങ്കിലും ഇന്നലെ വൈകുന്നേരം വരെ ലഭ്യമായ പോയിന്റുകളിൽ എസ്എച്ച് കോളജ് തേവര 116 പോയിന്റും മഹാരാജാസ് കോളജ് എറണാകുളം 112 പോയിന്റുമാണ് നേടിയിട്ടുള്ളത്. തൃപ്പൂണിത്തുറ ആർഎൽവി കോളജ് 93 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. പൂർത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങൾകൂടി പോയിന്റുനിലയിൽ ഉൾപ്പെടുത്താനുള്ളതിനാൽ ലീഡ് നിലയിൽ മാറ്റംമറിച്ചിലുകൾ പ്രതീക്ഷിക്കുന്നു. ഒരേ ഇനത്തിൽ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങൾ വരുന്നതോടെ കോളജുകളുടെ പോയിന്റുനിലകളിൽ പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.
ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങൾ പൂർത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയിൽ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.
കലാതിലക പട്ടത്തിന് മൂവാറ്റുപുഴ നിർമല കോളജിലെ അപർണ മോഹനാണ് മുന്നിൽ. 19 പോയിന്റ് അപർണയ്ക്കുണ്ട്. കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവ് 18 പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. കലാപ്രതിഭയാകാൻ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണുവാണ് മുന്നിൽ. വിഷ്ണുവിന് 13 പോയിന്റുണ്ട്.
പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത് സജീവിന് 11 പോയിന്റെ ലഭിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രതിഭാതിലക പട്ടത്തിന് എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രനാണ് മുന്നിലുള്ളത്.
സഞ്ജനയ്ക്ക് 19 പോയിന്റാണുള്ളത്. തേവര എസ്എച്ചിലെ സിയ പവൽ 15 പോയിന്റും നേടിയിട്ടുണ്ട്.
ശ്രീവല്ലഭന്റെ നാട്ടിൽ കഥകളിയിൽ പ്രണവ്
തിരുവല്ല: കഥകളി ദിനവും അരങ്ങേറുന്ന ശ്രീവല്ലഭന്റെ നാട്ടിലെ മത്സരത്തിൽ പ്രണവിനു വിജയം.
ഒന്‍പത് മത്സരാർഥികള്‍ അരങ്ങിലെത്തിയപ്പോള്‍ അതില്‍ ആറുപേരും പെണ്‍കുട്ടികളായിരുന്നു. ഒന്നാംസ്ഥാനം നേടിയ പി. പ്രണവ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയാണ്.
രണ്ടാം സ്ഥാനം സെന്റ് ആല്‍ബര്‍ട്ട്സിലെ പാര്‍വതി നമ്പൂതിരി നേടിയപ്പോൾ ആര്‍എല്‍വിയിലെ ഐശ്വര്യ മൂന്നാമതെത്തി.
മത്സരാർഥികളായി വേദിയിലെത്തിയ പെൺകുട്ടികളിൽ ആരുംതന്നെ സ്ത്രീവേഷം കെട്ടിയില്ലെന്നത് പ്രത്യേകതയായി. വരുംകാലം പെൺകുട്ടികൾ വാഴുന്ന അരങ്ങാകും കഥകളിയെ വളര്‍ത്തുകയെന്ന് കലോത്സവം വിളിച്ചു പറയുന്നു. ഗുരുക്കന്മാരിലാരും വനിതകളില്ലായിരുന്നു. കാലകേയവധത്തിലെ അര്‍ജുന വേഷമായിരുന്നു നാരിമാര്ക്കേറെ പ്രിയം. ബാലിവിജയവും രാവണവിജയവും അരങ്ങത്ത് നിറഞ്ഞാടി. പങ്കെടുത്ത എല്ലാവര്ക്കും എ ഗ്രേഡ് ലഭിച്ചെന്നത് മറ്റൊരു പ്രത്യേകതയാണ
രാവേറെ വെളുത്തിട്ടും വഞ്ചിപ്പാട്ട് തീർന്നില്ല
തിരുവല്ല: വഞ്ചിപ്പാട്ട് മത്സരം തീരാൻ ഒരു രാത്രി മുഴുവൻ വേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഒന്നാം വേദിയായ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പന്തലിലാണ് കരവഞ്ചിയിലേറി വിദ്യാർഥികൾ വഞ്ചിപ്പാട്ടിന് തുടക്കമിട്ടത്.
ആറന്മുള ശൈലിയിൽ താളംപിടിച്ച് നീങ്ങിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും സിഎംഎസ് കോളജ് കോട്ടയവും ഒന്നാംസ്ഥാനം പങ്കിട്ടു.
എംഇഎസ് മാറമ്പള്ളി രണ്ടാം സ്ഥാനം നേടിയപ്പോൾ എറണാകുളം സെന്റ് തെരാസാസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചൊവ്വാഴ്ച ഏറെ വൈകി ആരംഭിച്ച മത്സരത്തിൽ 59 കോളജുകളിൽ നിന്നെത്തിയ ടീമുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മത്സരം നീണ്ടതോടെ പല കോളജുകളും പിന്മാറി. മത്സരിച്ച ടീമുകളിൽ ആരും തന്നെ വള്ളപ്പാടിന് പിന്നിലായില്ല എന്ന കാര്യം ശ്രദ്ധേയം.
കുട്ടനാടൻ ശൈലിയിൽ വായ്ത്താരി ഉയർത്തിയവർ അധികം ശ്രദ്ധിക്കപ്പെട്ടില്ല. ആറന്മുള ശൈലിക്കായിരുന്നു ഏറെ പ്രിയം. കുചേലവൃത്തവും പകാരാദി സ്തുതിയും രാമായണ രംഗങ്ങളും രാവിനെ തഴുകിയപ്പോൾ ആരു ജയിക്കും ആരു തോൽക്കും എന്ന് പറയാൻ വിധികർത്താക്കളും ഏറെ ബുദ്ധിമുട്ടി.
വഞ്ചപ്പാട്ട് അഭ്യസിച്ചവർക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചതെന്ന കാര്യം ശ്രദ്ധേയം. യുട്യൂബിൽനിന്ന് വഞ്ചിപ്പാട്ട് ഡൗൺലോഡ് ചെയ്ത് അഭ്യസിച്ചവർക്ക് പാതിവഴിയിൽ പാളിച്ച സംഭവിച്ചു.
പ്രസിദ്ധമായ ആറന്മുള വള്ളംകളിയുടെ നാടായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ അരങ്ങേറുന്ന യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിന് സാക്ഷ്യം വഹിക്കാൻ രാത്രി വൈകുംവരെ നിരവധിപ്പേർ വിവിധ ഇടങ്ങളിൽനിന്ന് എത്തിയിരുന്നു.
കുരുക്കിലെ ശില്പ ചാരുതയ്ക്ക്
വിധിയെഴുതാന്‍ ഒരു ദിനം
തിരുവല്ല: അറുപതോളം പ്രതിഭകള്‍ അണിനിരന്ന കളിമണ്ശില്പ നിര്‍മാണത്തില്‍ ഫലം വൈകിയത് 24 മണിക്കൂര്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന മത്സരത്തിന്റെ ഫലം ഇന്നലെ ഏറെ വൈകിയാണ് നിര്‍ണയിക്കാന്‍ സാധിച്ചത്. മത്സരാർഥികളുടെ പ്രകടനത്തിലെ വൈവിധ്യം ഫല നിര്‍ണയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. വിധികര്ത്താക്കള്ക്കിടയിലെ അഭിപ്രായവിത്യാസം വെല്ലുവിളിയായി. സമാനതകളില്ലാത്ത മത്സരമാണ് കളിമണ്ശില്പ നിര്‍മാണത്തില്‍ നടന്നത്.
കുരുക്ക് എന്ന വിഷയത്തില്‍ നടന്ന മത്സരത്തിലെ ബഹുഭൂരിപക്ഷം കലാസൃഷ്ടികളും മികച്ചതായിരുന്നു. മാര്‍ത്തോമ്മാ കോളജ് ഗ്രൗണ്ടിലായിരുന്നു മത്സരം. കുരുക്ക് എന്ന വിഷയം പല രൂപത്തിലാണ് മത്സരാർഥികളുടെ ഭാവനയില്‍ ദൃശ്യമായത്. കുരുക്കില്‍ വീണ ആനയെ രക്ഷിക്കുന്ന വനപാലകരും കൂട്ടിലകപ്പെട്ട പന്നിക്കുട്ടികളും സോഷ്യല്‍ മീഡിയ അഡിക്ഷന് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മധുവിനെ മരത്തില്‍ കുരുക്കിയിട്ടിരിക്കുന്നതും ഭര്‍ത്താവിന്റെ കുരുക്കില്‍ വീണ ഭാര്യയും ഉള്‍പ്പടെ ആനുകാലികവും കൗതുകം നിറഞ്ഞതുമായ വിഷയങ്ങൾ ശില്പികൾ തങ്ങളുടെ ഭാവനയിലെ കുരുക്കിലാക്കി.
Tags : Arts Festival nattuvishesham local news