പേരൂര്‍ക്കട: ഭക്ഷണവിതരണക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പേരൂര്‍ക്കട പോലീസ് പിടികൂടി. കോഴിക്കോട് പാറക്കടവ് ചെക്കിയോട് കരിതിരിയില് വീട്ടില്‍ സാഹിം (36) ആണ് പിടിയിലായത്. ഒമ്പതിന് രാവിലെ 11.45നായിരുന്നു സംഭവം. സ്വിഗ്ഗി ഭക്ഷണവിതരണക്കാരനായ അമ്പൂരി മായം ജംഗ്ഷന് സ്വദേശി ജിതിന് രാജന് (41) ആണ് ആക്രമണത്തിന് ഇരയായത്.
സംഭവദിവസം ഭക്ഷണം കൊണ്ടുവരാന്‍ വൈകിയെന്ന കാരണം പറഞ്ഞ് ജിതിന് രാജനുമായി സാഹിം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ പ്രതി ഹെല്‍മെറ്റ് ഉപയോഗിച്ച് ജിതിനെ മര്‍ദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് തലയിലടിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജിതിന് രാജന്റെ തലയ്ക്ക് എട്ടുതുന്നലുകള് ഇടേണ്ടതായി വന്നു. കുറവന്‍കോണം ജംഗ്ഷനില്‍ ചായക്കട നടത്തിവരുന്ന സാഹിം അമ്പലമുക്ക് ജംഗ്ഷനു സമീപം വാടകയ്ക്കു താമസിച്ചു വരികയാണ്. ഇവിടെവച്ചാണ് ആക്രമണമുണ്ടായത്. മുമ്പ് പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ഒരു കേസുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.