പ്രതീകാത്മക ചിത്രം
കണ്ണൂർ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അടിയന്തരമായ അവധിയിലല്ലാതെ അവധിയിലുള്ള ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരാരോടും ജോലിക്ക് ഹാജരാകാൻ ഡിഎംഒ ഡോ. വിവേക് കുമാർ നിർദേശിച്ചു. സ്ഥാപനമേധാവികൾ സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളുമായുള്ള നെറ്റ്വർക്ക് ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യം നേരിടാൻ എല്ലാ വിധ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് കൈക്കൊണ്ടതായും ഡിഎംഒ അറിയിച്ചു. മഴക്കെടുതിയിൽ പൊതുജനങ്ങളുടെയും ക്യാമ്പിൽ മാറ്റി പാർപ്പിച്ചവരുടെയും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസർമാർ, പ്രധാന സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർ മാർ, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര യോഗവും ഇന്നലെ ചേർന്നു. മഴക്കെടുതി നേരിടുന്നതിന് അവധി ദിവസങ്ങളിൽ അടക്കം സജ്ജമായിരിക്കാൻ ആരോഗ്യ പ്രവർത്തകരോട് ഡിഎംഒ നിർദേശിച്ചു.
നിലവിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യ മരുന്നുകൾ ജില്ലയിൽ സ്റ്റോക്കുണ്ട്. എലിപ്പനി തടയുന്നതിന് ഡോക്സി സൈക്ലിൻ, ആന്റി സ്നേക്ക് വെനം ഉൾപ്പെടെ ആവശ്യമായ എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്ന് ഡിഎംഒ നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പടരുന്നില്ലെന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ക്യാമ്പിന്റെ പരിസരം എന്നിവയുടെ ശുചിത്വം ആരോഗ്യ വിഭാഗം ഉറപ്പുവരുത്തും.
ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു പകർച്ചേതര രോഗമുള്ളവർ എന്നിവരുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തും. ക്യാമ്പിലുള്ള കുട്ടികളുടെ കുത്തിവയ്പ്പുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. വെള്ളപ്പൊക്കം, മറ്റു മഴക്കെടുതികൾ സംബന്ധിച്ച വേളയിൽ സ്വീകരിക്കേണ്ട ആരോഗ്യ ബോധവൽകരണ പ്രവർത്തനങ്ങൾ ജില്ലാ മാസ് മീഡിയ വിഭാഗം ഏകോപിപ്പിക്കും.
Tags : Nattuvishesham DistrictNews DeepikaNews employees