തലയോലപ്പറമ്പ്: സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തി സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ രാമമംഗത്തുനിന്നു പോലീസ് പിടികൂടി. മണീട് ഏഴക്കരനാട് സൗത്തിൽ ശാസ്താംമോളേൽ ടി. രജീഷാ(39)ണ് പിടിയിലായത്.
തലയോലപ്പറമ്പ്-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കല്ലറ സ്വദേശിയായ ഷീബ(48)യുടെ മൂന്നു പവനോളം വരുന്ന സ്വർണ താലിമാലയാണ് ഇയാൾ അപഹരിച്ചത്.
വീട്ടമ്മ വടകര ഭാഗത്തുനിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് കടന്നുപോകുന്നതിനായി സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ ബൈക്ക് നിർത്തിയ ശേഷം ഇവരുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ജെ. സന്ദീപ്, സിപിഒമാരായ വി.എൻ. മനീഷ്, പ്രവീൺ കുമാർ, സാം, എസ്സിപിഒ കെ.എം. മനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.