നിർമാണം പൂർത്തിയായ മണ്ണാർക്കാട് സ്പെഷൽ സബ് ജയിൽ ചുറ്റുമതിൽ.
മണ്ണാർക്കാട്: ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിവച്ച മണ്ണാർക്കാട് സ്പെഷൽ സബ് ജയിൽ നിർമാണം പാതിവഴിയിൽ. മുക്കണ്ണം മുണ്ടേക്കരാട് കൊന്നക്കോടിലാണ് കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്ത് സബ് ജയിൽ നിർമിക്കുന്നത്.
സർക്കാരിൽനിന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാത്തതാണ് നിർമാണം നിലയ്ക്കാൻ കാരണം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി കഴിഞ്ഞവർഷം സമർപ്പിച്ചെങ്കിലും ഇതു ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
ജയിൽ കെട്ടിടനിർമാണത്തിനുള്ള മണ്ണുപരിശോധന കഴിഞ്ഞവർഷം നടത്തിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായിട്ടില്ല. ബിൽഡിംഗ് സ്ട്രക്ചർ ഡിസൈൻ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകിട്ടിയാൽ മാത്രമേ ടെണ്ടർ വിളിക്കാൻ കഴിയുകയുള്ളൂവെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി ജയിൽഅധികൃതർക്കു താക്കോൽ കൈമാറിയത്. ചുറ്റുമതിൽ, ഗേറ്റ്, മതിലിനു മുകളിലെ ഫെൻസിംഗ്, പെയിന്റിംഗ് എന്നിവയാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
ഇതിനുപുറമെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗത്ത് 100 മീറ്റർ നീളത്തിൽ റിട്ടേണിംഗ് വാൾ, 3.6 മീറ്റർ വീതിയിൽ ഇൻസ്പെക്്ഷൻ റോഡിനായി സ്ഥലവും വിട്ടിട്ടുണ്ട്.
2023 ൽ സർക്കാർ അനുവദിച്ച 1.48 കോടി രൂപ വിനിയോഗിച്ചാണ് മതിലിന്റെ നിർമാണം പൂർത്തിയാക്കിയത്. 250 ജയിൽപുള്ളികളെ താമസിപ്പിക്കാൻ കഴിയുന്ന ജയിലാണ് നിർമിക്കുകയെന്നും സർക്കാർ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നിർമാണം തുടങ്ങുമെന്നും കഴിഞ്ഞമാർച്ചിൽ സ്ഥലം സന്ദർശിച്ച അന്നത്തെ ഉത്തരമേഖല ഡിഐജി ബി. സുനിൽകുമാർ പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെയായും പദ്ധതിക്കു ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.
സ്ഥലത്തിന്റെ ചെരിവ് പരിഗണിച്ചും പ്രകൃതിക്കനുസൃതമായ രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്തുമാണ് സ്പെഷ്യൽ സബ് ജയിൽ നിർമിക്കുക. മലമ്പുഴ ജില്ലാജയിലിൽനിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും മണ്ണാർക്കാട് സബ് ജയിലിന്റെ നിർമാണം.
2007ൽ കണ്ടെത്തിയ സ്ഥലത്തിന് 2014 ലാണ് ജയിലധികൃതർക്ക് ഇറിഗേഷൻ വകുപ്പിന്റെ സമ്മതപത്രം ലഭിച്ചത്.
Tags : Mannarkkad trapped i nattuvishesham local news