കെ. വത്സലയുടെ വീടിന് സമീപം അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ.
ഇരിട്ടി: പായം പഞ്ചായത്തിലെ കല്ലിപ്പറമ്പിൽ പഴശി പദ്ധതി പ്രദേശത്ത് നട്ടുവളർത്തിയ കൂറ്റൻ മാഞ്ചിയം മരങ്ങൾ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി.
ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീഴുമെന്ന ആശങ്കയിൽ കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പുതിയ വീട്ടിൽ ബാലകൃഷ്ണൻ, കെ. വത്സല എന്നിവരുടെ വീടുകൾക്ക് സമീപത്താണ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ. നേരത്തെ ബാലകൃഷ്ണന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞുവീണ സംഭവവും ഉണ്ടായിട്ടുണ്ട്.
വീടുകൾക്ക് നേരെ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഉണങ്ങി ദ്രവിച്ച നിലയിലുള്ള മരങ്ങൾ പോലും ഇപ്പോഴും പ്രദേശത്ത് നിലനിൽക്കുകയാണ്. പലപ്പോഴും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് പതിച്ച് വൈദ്യുത തൂണുകൾ ഉൾപ്പെടെ തകരാറിലാകുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പദ്ധതി പ്രദേശം കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മഴ ശക്തമായ സാഹചര്യത്തിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങളെങ്കിലും അടിയന്തരമായി മുറിച്ചുനീക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.