തോംസണ്‍ മാത്യു, ജോണ്സണ് ജോസഫ്
ചങ്ങനാശേരി: ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായതോടെ വ്യാപാര മേഖലയിലും യുപിഐ വലിയൊരു മാറ്റമായിരുന്നു. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ സൗകര്യപ്രദമായ സംവിധാനമായി യുപിഐ മാറി. എന്നാല്‍ യുപിഐ ഇടപാടുകള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തുന്ന എംഡിആര്‍ ചാര്‍ജ് സംബന്ധിച്ച് വ്യാപാരസമൂഹത്തില്‍ സംശയങ്ങളും ആശങ്കയും ഉയരുകയാണ്. രണ്ടായിരം രൂപയ്ക്കുമേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നാണ് നിര്‍ദേശമെങ്കിലും അഞ്ഞൂറ്, ആയിരം രൂപ ഇടപാടുകളിലും ചാര്‍ജ് ഈടാക്കപ്പെടുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ.
ഒരു ഇടപാടില്‍ ചെറിയ തുക മാത്രമായി തോന്നുന്ന ചാര്‍ജ് ദിവസവും നൂറുകണക്കിന് ഇടപാടുകളും വര്‍ഷം മുഴുവന്‍ ആയിരക്കണക്കിന് ഇടപാടുകളും നടക്കുമ്പോള്‍ വലിയൊരു തുകയായി മാറും. 500, 1000, 1500, 2000, 3000, 5000, 10000, 20000 എന്നിങ്ങനെ ഇടപാടുകള്‍ വര്‍ധിക്കുന്നു. ഓരോ ഇടപാടിന്റെയും സ്വഭാവമനുസരിച്ച് ചാര്‍ജ് അടയ്ക്കേണ്ടിവരുമ്പോള്‍ വ്യാപാരികള്‍ക്ക് സാമ്പത്തികബാധ്യതയ്ക്കൊപ്പം അധിക അക്കൗണ്ടിംഗ് ജോലിക്കും വഴിതെളിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
ചെറിയ ചെലവുകള്‍ കണക്കിലെടുക്കാതെ പോയാല്‍ വര്‍ഷാവസാനത്തില്‍ അത് വലിയൊരു ബാധ്യതയായി മാറുമെന്നാണ് വ്യാപാര സമൂഹത്തിന്റെ ആശങ്ക.
പ്രതികരണം
വ്യാപാരിയുടെ വില്പ്പനത്തുകയും ബാങ്കില്‍ ലഭിക്കുന്ന
തുകയും തമ്മില്‍ വ്യത്യാസം ഉണ്ടാകും
പ്രത്യേകിച്ച് 1.5 മുതല്‍ രണ്ട് ശതമാനം വരെ മാത്രം ലാഭ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക്, ഭക്ഷ്യധാന്യ, സെമി ഹോള്‍സെയില്‍ തുടങ്ങിയ വ്യാപാര മേഖലകളില്‍ ചെറിയൊരു ശതമാനം ഇടപാട് ചാര്‍ജ് പോലും നിസാരമായി കാണാനാവില്ല. ഉദാഹരണത്തിന് ഒരു വ്യാപാര സ്ഥാപനത്തിന് പ്രതിദിനം 50,000രൂപ യുപിഐലൂടെ ലഭിക്കുന്നുവെന്ന് കരുതുക. അതില്‍ 500 മുതല്‍ 20,000രൂപ വരെയുള്ള വിവിധ തുകകളിലുള്ള നിരവധി ഇടപാടുകള്‍ ഉണ്ടായേക്കാം. ചാര്‍ജ് ബാധകമായ ഇടപാടുകളില്‍ മര്‍ച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റും അതിന്മേലുള്ള ജിഎസ്ടിയും കുറച്ച ശേഷമായിരിക്കും ബാങ്ക് അക്കൗണ്ടില്‍ തുക എത്തുക. ഇതോടെ വ്യാപാരിയുടെ വില്പ്പനത്തുകയും ബാങ്കില്‍ ലഭിക്കുന്ന തുകയും തമ്മില്‍ വ്യത്യാസം ഉണ്ടാകും.
ഇത് ബാങ്ക് റിക്കണ്സിലിയേഷന്, അക്കൗണ്ടിംഗ് സംവിധാനങ്ങളിലെ എന്‍ട്രികൾ, ഉപഭോക്തൃ ലെഡ്ജര്‍, ജിഎസ്ടി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവ കൃത്യമായി പൊരുത്തപ്പെടുത്തുന്നതില്‍ അധിക ജോലിയും സങ്കീര്‍ണതയും സൃഷ്ടിക്കും.
തോംസണ്‍ മാത്യു, എം.എസ്. മാത്യു ആൻഡ് കമ്പനി
ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാരി
ചെറിയ തുകകള്‍ ചേര്‍ന്ന് വലിയ സാമ്പത്തികബാധ്യതയാകും
ഒരു വ്യാപാരിയുടെ ലാഭത്തില്‍ 0.4 ശതമാനം എന്നത് കേള്‍ക്കുമ്പോള്‍ ചെറുതായി തോന്നാം. എന്നാല്‍ 1.52 ശതമാനം മാത്രം ലാഭ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരിയെ സംബന്ധിച്ചിടത്തോളം ലാഭത്തില്‍ ഗണ്യമായ കുറവിന് ഇതു കാരണമാകും.
അമ്പത് കിലോ തൂക്കമുള്ള ഒരുചാക്ക് പഞ്ചസാരയ്ക്ക് 2550 രൂപ വിലവരും. 12.50രൂപയാണ് ലാഭമായി ലഭിക്കുന്നത്. ഇതില്‍ 0.4(പോയിന്റ് നാല്)ശതമാനം ജിഎസ്ടി അടയ്ക്കണം. ഇതു രണ്ടുംകൂടി ഒമ്പതു രൂപയാകും. 12.50 രൂപ ലാഭത്തില്‍ ഒമ്പതുരൂപ നഷ്ടപ്പെട്ടാല്‍ പിന്നെ 3.50 രൂപ മാത്രമാണ് ലഭിക്കുന്നത്. വര്‍ഷം മുഴുവന്‍ കണക്കാക്കുമ്പോള്‍ ഈ ചെറിയ തുകകള്‍ ചേര്‍ന്ന് വലിയൊരു സാമ്പത്തികബാധ്യതയായി മാറും.
അതുകൊണ്ട് യുപിഐ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചെറുകിട, ഇടത്തരം വ്യാപാരികളുടെ യഥാര്‍ഥമായ സാന്പത്തിക സാഹചര്യവും കണക്കിലെടുക്കേണ്ടതാണ്.
ഇത്തരം മാറ്റങ്ങള്‍ നടപ്പാക്കുന്നതിനുമുമ്പ് വ്യാപാരി സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തണം.
ജോണ്സണ് ജോസഫ്, പ്രസിഡന്റ്, മര്‍ച്ചന്റ്സ്
അസോസിയേഷന് ചങ്ങനാശേരി
Tags : Nattuvishesham District News DeepikaNews MDR charges