ഇടുക്കി ഗവ. ഡയാലിസിസ് സെന്ററിലേക്ക് മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിന് മുന്നിലൂടെ പോകുന്ന റോഡ് തകർന്നനിലയിൽ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ ഇന്റേണൽ റോഡ് നവീകരണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി. ആശുപത്രിയിലെത്തുന്ന രോഗികൾ ചികിത്സ കഴിഞ്ഞ് തിരികേ വീട്ടിലെത്തുന്നത് കൂടുതൽ ദുരിതത്തിലൂടെയാണ്. നിർധനരായ ഡയാലിസിസ് രോഗികൾ കൂടുതലായും ആശ്രയിക്കുന്നത് ഇടുക്കി മെഡിക്കൽ കോളജിലെ ഡയാലിസിസ് യൂണിറ്റിനെയാണ്. ഇവരിൽ പലരും പരസഹായമില്ലാതെ നടക്കാൻപോലും ആവാത്തസ്ഥിതിയിലുള്ളവരുമാണ്.
ഓട്ടോറിക്ഷ വിളിച്ചാണ് അധികം പേരും ഡയാലിസിനെത്തുന്നത്. ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്കുള്ള വഴിയാണ് ഏറെ ദുർഘടമായിരിക്കുന്നത്. ജില്ലാ ആശുപത്രി കെട്ടിടത്തിന് സമീപത്തുകൂടി പോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന ഈ റോഡ് തകർന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരായ രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്.
രോഗികളുമായി വരുന്ന ഓട്ടോറിക്ഷകളും കാറുകളും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. അമ്മത്തൊട്ടിൽ, നഴ്സിംഗ് കോളജ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ്, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ തുടങ്ങിയിടത്തേക്കെല്ലാം പോകാനുള്ള ഏക മാർഗമാണ് തകർന്നുകിടക്കുന്നത്. അടിയന്തരമായി റോഡ് നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെയും വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും ആവശ്യം.