പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമായി പുതുപ്പള്ളിക്ക് പുതിയ പിഡബ്ല്യുഡി സെക്ഷന്‍ അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെ തൈക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
1ചാണ്ടി ഉമ്മന്‍ എംഎല്‍എ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവില്‍ മണ്ഡലത്തിലെ വിവിധ പിഡബ്ല്യുഡി സെക്ഷനുകള്‍ക്ക് കീഴിലായാണ് പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതുമൂലം പ്രവര്‍ത്തനങ്ങളുടെ ഏകോപനം, മേല്‍നോട്ടം, സമയബന്ധിതമായ നിര്‍വഹണം എന്നിവയില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി പുതുപ്പള്ളിക്ക് പ്രത്യേക പിഡബ്ല്യുഡി സെക്ഷന്‍ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ആവശ്യം പരിഗണിച്ച് പുതിയ സെക്ഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
വാട്ടര്‍ അഥോറിറ്റി അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും
വാട്ടര്‍ അഥോറിറ്റിയുടെ കൈവശമുള്ള റോഡുകളില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനുശേഷം അവശേഷിക്കുന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് തിരികെ കൈമാറുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പുതിയ പിഡബ്ല്യുഡി സെക്ഷന്‍ അനുവദിക്കുന്നതും മണ്ഡലത്തിലെ മുഴുവന്‍ റോഡുകളെയും ഉള്‍പ്പെടുത്തി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതും വഴി പുതുപ്പള്ളിയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഏകോപനവും വേഗതയും ഉറപ്പാക്കാന്‍ കഴിയുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.
റോഡ് വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍
പുതുപ്പള്ളിയിലെ റോഡ് വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ഘട്ടംഘട്ടമായി ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും മറ്റ് പൊതുമരാമത്ത് റോഡുകള്‍ സമയബന്ധിതമായി ചിപ്പിംഗ് കാര്‍പെറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുമുള്ള വിശദമായ പ്രപ്പോസല്‍ തയാറാക്കാനാണ് നിര്‍ദ്ദേശം.
റോഡുകളുടെ നിലവിലെ സ്ഥിതി, ഗതാഗത പ്രാധാന്യം, ജനങ്ങളുടെ യാത്രാ ആവശ്യകത, അടിയന്തര അറ്റകുറ്റപ്പണികളുടെ ആവശ്യകത എന്നിവ വിലയിരുത്തി മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രവർത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള 16 പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്കി വേഗത്തില്‍ പൂര്ത്തീകരിക്കുന്നതിനള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
Tags :