കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ നടന്ന മെഗാ ക്ലീനിംഗ്
കേളകം: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചിത്വ പരിപാലനത്തിന്റെയും ഭാഗമായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ മെഗാ ക്ലീനിംഗ് കാമ്പയിൻ സംഘടിപ്പിച്ചു. കേളകം ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന വിപുലമായ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത് നാലാം തവണയാണു കേളകം ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കേളകം ബസ്സ്റ്റാൻഡ് പരിസരം, അടയ്ക്കാത്തോട് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ പരിസരം, ഹൈസ്കൂൾ റോഡ്, പഞ്ചായത്ത് ഓഫീസിനു മുൻവശം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അബ്ദുൾസലാം, സുനിതാരാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ എസ്.ടി. രാജേന്ദ്രൻ, ജൈമോൻ കൊച്ചറക്കൽ, ബിജു എടാൻ, ജെസി, സിഡിഎസ് ചെയർപേഴ്സൺ ലീലാമ്മ ജോയ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരികളായ കൊച്ചിൻ രാജൻ, സിബി അൽക്ക, രവീന്ദ്രൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാ പ്രവർത്തകർ, റോയൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.