ശശി തരൂർ എംപി
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മന്ത്രി സി.പി. ജോണും തിരുവനന്തപുരം എംപി ശശി തരൂരും ചര്‍ച്ച നടത്തി.
കെഎസ്ആര്‍ടിസിക്ക് ആദായനികുതി ഇളവ് ലഭ്യമാക്കല്‍, വിഴിഞ്ഞം തുറമുഖത്തിനായുള്ള സാഗര്‍മാല ഫണ്ട് വിനിയോഗം, വിഴിഞ്ഞം പുനരധിവാസം തുടങ്ങിയ നിര്‍ണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. സംസ്ഥാന തലത്തില്‍ അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട പ്രധാന ആവശ്യങ്ങളും സംബന്ധിച്ച് യോഗത്തില്‍ ധാരണയായി.
നഗരസഭയ്ക്ക് കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട ഫണ്ടുകള്‍ നേടിയെടുക്കാനും അര്‍ബന്‍ ചലഞ്ച് ഫണ്ടിനായുള്ള പദ്ധതികള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കാനും സംസ്ഥാന തലത്തില്‍ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം വിമാനത്താവളം വികസനത്തിനായി ബാക്കിയുള്ള 22 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍, സംസ്ഥാനത്തെ മൈനിംഗ് കോറിഡോര്‍ പ്രശ്നപരിഹാരം, ആക്കുളം കായല്‍ നവീകരണം എന്നിവയും വേഗത്തിലാക്കും.
ഇതിനുപുറമെ തിരുവനന്തപുരത്തെ തുറമുഖങ്ങളില്‍ ഹരിത ഇന്ധന ബങ്കറിംഗ് സൗകര്യം ഏര്‍പ്പെടുത്തല്‍, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കല്‍, റെയില്‍വേയുമായി ബന്ധപ്പെട്ട് മേലറന്നൂര്‍ മേല്‍പ്പാല നിര്‍മാണം എന്നിവയും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങളായി യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ കെ.എസ്. അഞ്ജുവും പങ്കെടുത്തു.
Tags :