മോഡൽ സ്കൂൾ
കുറ്റിച്ചൽ: ആദിവാസികൾക്കായുള്ള മോഡൽ റസിഡൻഷൽ സ്കൂൾ യാഥാർഥ്യത്തിലേക്ക്. ഇത് സംബന്ധിച്ച് സർക്കാർ നടപടി എടുക്കും. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച മോഡൽ റസിഡൻഷൽ സ്കൂളിനാണ് ശാപമോക്ഷമാകുന്നത്.
കോട്ടൂർ അഗസ്ത്യവനത്ത് സ്ഥാപിക്കാൻ ഉദേശിച്ച സ്കൂളാണ് കാട്ടാക്കട മുങ്ങോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 2011 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കോട്ടൂർ കേന്ദ്രമാക്കി മോഡൽ റസിഡൻഷൽ സ്കൂൾ അനുവദിച്ചത്.
എന്നാൽ വനത്തിനു പുറത്തായി പട്ടികവർഗ വിദ്യാർഥികൾക്ക് തലസ്ഥാന ജില്ലയിൽ റസിഡൻഷൽ സ്കൂൾ ഒരുക്കണമെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ ആവശ്യം. വർഷങ്ങളുടെ മുറവിളിക്കൊടുവിലാണ് കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ വനത്തിലെ വാലിപ്പാറയിൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂൾ അനുവദിച്ചത്. ഇതിനായി വനം വകുപ്പ് രണ്ടരയേക്കർ ഭൂമിയും കൈമാറിയിരുന്നു. കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.
സ്കൂൾ വന്നാൽ അതിനോട് അനുബന്ധിച്ച് അധ്യാപകർക്കുള്ള താമസസ്ഥലം, വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, ക്ലാസ് മുറി, കോൺഫറൻസ് ഹാൾ, പഠനമുറി, കളിസ്ഥലം, ആരോഗ്യകേന്ദ്രം, തുടങ്ങിയവ ഉൾപ്പെടുത്തി ടൗൺ ഷിപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും വനം വകുപ്പിന്റെയും പട്ടികവർഗ വിഭാഗത്തിന്റെയും സഹകരണത്തോടെ കൂടുതൽ ഭൂമി ലഭ്യമാക്കി സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയുമെന്നു നാട്ടുകാരും ചൂണ്ടികാട്ടുന്നു. കഴിഞ്ഞ ദിവസം അഗസ്ത്യ വനത്തിലെ ഊരുകൾ സന്ദർശിക്കാൻ മന്ത്രി തുളസി എത്തിയിരുന്നു. വിവരങ്ങൾ ചോദിച്ചറി ഞ്ഞാണു മന്ത്രി മടങ്ങിയത്.
Tags : NattuVishasham DistrictNews