ചെണ്ടുമല്ലി പാടത്തിൽനിന്നു പൂക്കൾ വിളവെടുക്കുന്ന മുകേഷ്.
മൂന്നാർ: കേരളത്തിന്റെ പച്ചക്കറിയുടെ കലവറ എന്നറിയപ്പെടുന്ന വട്ടവടയിൽ ഇത്തവണ ഓണത്തിനു നിറച്ചാർത്തണിയിക്കാൻ മുകേഷിന്റെ പൂപാടം. വട്ടവട സ്വദേശിയും യുവകർഷകനുമായ മുകേഷാണ് തന്റെ കൃഷിസ്ഥലത്ത് പൂകൃഷി പരീക്ഷിച്ച് വിജയത്തിന്റെ വർണചാരുത അണിയുന്നത്. മുകേഷിന്റെ കൃഷിയിടത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലികൃഷിയെ അനുകരിച്ച് ധാരാളം കർഷകർ പൂകൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്.
ഓണക്കാലത്ത് കേരളത്തിൽ പൂവിന്റെ ആവശ്യവും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് മുകേഷ് കൃഷിയിടം ഒരുക്കിയെടുത്തത്. കൈവശമുള്ള 75 സെന്റ് തരിശുഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഹിറ്റാച്ചി ഉപയോഗിച്ച് നിലം പാകമാക്കിയ ശേഷം ബാംഗളൂരുവിൽനിന്ന് തൈകൾ എത്തിച്ചു. നാലായിരത്തോളം തൈകളാണ് ഇതിനായി എത്തിച്ചത്.
ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഏറെയും. ഒക്കൽ അംബർ യെല്ലോ, സുപ്രീം യെല്ലോ എന്നീ ഇനങ്ങളാണ് മഞ്ഞവിഭാഗത്തിൽപ്പെടുന്നത്. ഒക്കൽ കേസർ ഓറഞ്ച്, അശോക ഓറഞ്ച് എന്നീ ഇനങ്ങൾ ഓറഞ്ച് ഇനത്തിൽപ്പെടുന്നവയാണ്.
ഓണത്തിന് വിളവെടുക്കാൻ പൂക്കൾ തയാറാകുകയും ചെയ്തു. മൂന്നാറിലും അതുപോലെ ആവശ്യക്കാർ ഏറെയുള്ള മറ്റിടങ്ങളിലേക്കും പൂക്കൾ എത്തിക്കാനാണ് മുകേഷിന്റെ പദ്ധതി. മൂന്നാറിൽ എത്തുന്ന പൂക്കളിൽ ഏറെയും തേനി ജില്ലയിൽനിന്നാണ്. അതിനാൽ അവിടെയുള്ള വിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇവിടെയും വില തീരുമാനിക്കുന്നത്. ഓരോ ദിവസത്തെയും ലേലത്തിന്റെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്. ഇവിടെ വിളവെടുക്കുന്ന പൂക്കൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ലഭിച്ചാൽ വരുംകാലത്ത് പൂകൃഷി വട്ടവടയിൽ തരംഗം ആകാനും സാധ്യതയുണ്ടെന്ന് മുകേഷ് പറയുന്നു.