പുൽപ്പള്ളി: ത്രിതലപഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും മുള്ളൻകൊല്ലിയിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാതെ പാർട്ടി ജില്ലാ നേതൃത്വം.
2025 ജൂലൈയിലാണ് മണ്ഡലം കമ്മിറ്റിയെ മരവിപ്പിച്ചത്. തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി ആർ. രാജേഷ്കുമാറിനായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ചുമതല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിക്കുമെന്ന് പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ തർക്കം രൂക്ഷമായതോടെ മണ്ഡലം പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായി പാർട്ടി നേതൃത്വം.
നിയമസഭാ തെരഞ്ഞെടുപ്പോടെ പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ മുള്ളൻകൊല്ലിയിലെ കോണ്ഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
കോണ്ഗ്രസ് വിജയിച്ചെങ്കിലും തർക്കങ്ങളില്ലാതെ മണ്ഡലം പ്രസിഡന്റിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഒരു ഡസനിലേറെ പേരാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിക്കുന്നത്. എന്നാൽ മരവിപ്പിച്ച മണ്ഡലം കമ്മിറ്റിയെതന്നെ പുനഃസ്ഥാപിക്കണമെന്നാണ് ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ ആവശ്യം.
എന്നാൽ പുതിയ കെപിസിസി പ്രസിഡന്റ് വന്ന ശേഷം മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റിനെ നിശ്ചയിച്ചാൽ മതിയെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യം.
മുള്ളൻകൊല്ലി മണ്ഡലത്തിൽ പുതിയ മണ്ഡലം പ്രസിഡന്റിനെ നിശ്ചയിക്കുന്പോൾ പഞ്ചായത്തിലെ മുഴുവൻ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും അഭിപ്രായം മാനിച്ചുവേണമന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേർന്ന കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിക്കണമെന്ന് പ്രവർത്തകർ നേതാക്കളോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ ആളുകൾ രംഗത്തുവന്നതോടെ ഏകകഠമായി പേര് കണ്ടെത്തി നൽകാനാണ് മണ്ഡലം നേതാക്കൾക്ക് സംസ്ഥാന, ജില്ലാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ഗ്രൂപ്പിസം ഏറ്റവും കൂടുതലുള്ള മുള്ളൻകൊല്ലിയിൽ ഏകകഠമായി ഈ സ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ പാർട്ടി നേതാക്കൾക്ക് കഴിയാത്ത സ്ഥിതിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തർക്കം രൂക്ഷമായാൽ മുള്ളൻകൊല്ലിയിലുള്ള സീനിയർ നേതാവിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കാനാണ് ഒരു വിഭാഗം പാർട്ടി നേതാക്കളുടെ തീരുമാനം.
തർക്കം നിലനിൽക്കുന്നതിനാൽ എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ വേണം മണ്ഡലം പ്രസിഡന്റായി പരിഗണിക്കേണ്ടതെന്ന് എഐസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ്, പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
മണ്ഡലം പ്രസിഡന്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ നേരിൽ കാണാനുള്ള തയാറെടുപ്പിലാണ് മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കൾ.
Tags : Local News Nattuvishesham Wayanad