മുണ്ടക്കയം: വിനോദ സഞ്ചാരമേഖലയായ വാഗമണ്ണിലേക്ക് കോട്ടയം ജില്ലയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മുണ്ടക്കയം - ഇളങ്കാട് - വാഗമൺ റോഡിന്റെ നിർമാണം പുരോഗമിക്കുന്നത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വാഗമണ്ണിലേക്കെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാവുന്ന വഴിയാണ് മുണ്ടക്കയം - കൂട്ടിക്കൽ - ഇളങ്കാട് - വാഗമൺ റോഡ്.
നിലവിൽ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലോ ഇടുക്കി ജില്ലയിലെ ഏലപ്പാറയിലോ എത്തി വേണം വാഗമണ്ണിലേക്ക് എത്തുവാൻ. വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഇളങ്കാട് - വാഗമൺ റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കെ 2018ലും 21ലുമുണ്ടായ പ്രളയത്തിൽ റോഡ് പൂർണമായും തകർന്നു. പിന്നീട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശ്രമഫലമായി റോഡ് നവീകരണത്തിന് 17 കോടി രൂപ അനുവദിച്ചു.
ഈ തുക ഉപയോഗിച്ച് ഇപ്പോൾ ഇളങ്കാട് മുതൽ വാഗമൺ വരെയുള്ള ഏഴു കിലോമീറ്റർ റോഡിന്റെ ടാറിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. റോഡ് യാഥാർഥ്യമാകുന്നതോടെ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വികസനത്തിനു വഴിതെളിയും.
Tags : nattu visheshsam Mundakayam-Vagamon Road construction