മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കുന്നു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം ബൈപാസ് റോഡ് പദ്ധതിക്ക് പുതുജീവന്‍. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പദ്ധതി പുനരാരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മാണ ഏജന്‍സിയായ കെആര്‍എഫ്ബി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. 15.6 മീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. റോഡിന്റെ ഗ്രേഡിയന്റ് അടക്കമുള്ള റോഡ് ജോമേട്രിക്സും അലൈന്മെന്റും ഫീസിബിലിറ്റിയും പരിശോധിക്കുന്നതിന് കിഫ്ബി ടിആര്‍സി സംഘം ഉടന്‍ എത്തും. 450.33 കോടിയുടെ അനുമതിയാണ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി ലഭ്യമാക്കിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പരിഗണനയില്‍ ഉണ്ടായിരുന്ന പദ്ധതിയാണിത്. മാത്യു കുഴല്നാടന് എംഎല്‍എ ആയതിന് ശേഷം നിരന്തരമായി ഇടപെടല്‍ നടത്തി 450 കോടി കിഫ്ബിയില്‍ നിന്ന് അനുവദിപ്പിച്ചിരുന്നു. എന്നാല്‍ മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്നാടന് അഴിമതി ആരോപണം ഉന്നയിച്ചതോടെ 2024ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി കിഫ്ബി മരവിപ്പിച്ചു. സര്‍വേ നടപടികള്‍ ആരംഭിച്ചതിന് ശേഷമാണ് ഈ പദ്ധതി കിഫ്ബി മരവിപ്പിക്കുന്നത്. 16 ലക്ഷം രൂപ സര്‍വേ നടപടികള്‍ക്കായി അനുവദിച്ചു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പദ്ധതി മരവിപ്പിച്ചത് രാഷ്ട്രീയമായ ഇടപ്പെടലിനെ തുടര്‍ന്നായിരുന്നു. എംസി റോഡിന്റെ മൂവാറ്റുപുഴ കൂത്താട്ടുകുളം ഭാഗത്തിന് സമാന്തരമായി 15.6 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്നത് എംസി റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
മുഖ്യമന്ത്രി മൂവാറ്റുപുഴ സന്ദര്‍ശിച്ചപ്പോള്‍ മൂവാറ്റുപുഴ ജില്ലയുടെ രൂപീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കുമെന്നും ഉടന്‍ തന്നെ ഡിലിമിറ്റേഷന്‍ കമ്മിറ്റിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി എംഎല്‍എയുടെ സാന്നിധ്യത്തില്‍ തന്നെ പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ തടഞ്ഞു വെച്ച പദ്ധതികള്‍ മുതലും പലിശയും ചേര്‍ത്തു നല്‍കുമെന്നും മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു. നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു പ്രധാന പദ്ധതികളായ ജനറല്‍ ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കല്‍, മൂവാറ്റുപുഴ കാക്കനാട് ബൈപ്പാസ് റോഡ് പദ്ധതി, കാടാതി കാരക്കുന്നം ബൈപ്പാസ് പദ്ധതി, മൂവാറ്റുപുഴ യൂറോപ്യന്‍ മാര്‍ക്കറ്റിന്റെ സമഗ്ര വികസനം എന്നീ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി മാത്യു കുഴല്നാടന് എംഎല്‍യുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളായ കെ.എം. സലിം, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, മുഹമ്മദ് പനക്കന്‍, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Tags : Bypass NattuVishasham DistrictNews