നീലേശ്വരം നഗരസഭ കർമസമിതി സമരം അവസാനിപ്പിച്ചു
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമസമിതി നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കർമസമിതി ഭാരവാഹികൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയോടൊപ്പം ഡൽഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ആകാശപാത നിർമിക്കാൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ദേശീയപാത എൻജിനിയറിംഗ് വിഭാഗം വ്യക്തമാക്കിയെങ്കിലും കർമസമിതി ഉന്നയിച്ച മറ്റെല്ലാ ആവശ്യങ്ങളും ചർച്ചയിൽ അംഗീകരിക്കപ്പെട്ടതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ച് കൂടുതൽ ഉയരത്തിൽ പുതിയ പാലം നിർമിക്കും. കോട്ടപ്പുറത്തേക്ക് 15 മീറ്റർ വീതിയിൽ അടിപ്പാതയും കോട്ടപ്പുറം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് എക്സിറ്റും രാജാ റോഡിലേക്ക് എൻട്രിയും അനുവദിക്കും.
രാജാ റോഡ് ചെന്നുചേരുന്ന ഭാഗത്ത് നിലവിൽ ഏഴു മീറ്റർ വീതിയിലുള്ള അടിപ്പാത 15 മീറ്ററായും കോട്ടപ്പുറത്തേക്കുള്ള നിർദിഷ്ട അടിപ്പാത 24 മീറ്ററായും വികസിപ്പിക്കുന്ന കാര്യം പരിശോധിക്കും. ഇതിനായി എംപിയുടെ സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റിയുടെ റീജണൽ ഓഫീസർ കേണൽ എ.കെ. ജാൻബാസിന്റെ നേതൃത്വത്തിലുള്ള സംഘം വരുംദിവസങ്ങളിൽതന്നെ സ്ഥലം സന്ദർശിക്കും. കരുവാച്ചേരിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കും. പുതുതായി നിർമിക്കുന്ന കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലേക്ക് നെടുങ്കണ്ട ഭാഗത്തെ ദേശീയപാതയിൽ നിന്ന് എക്സിറ്റും എൻട്രിയും അനുവദിക്കും.
പോലീസ് സ്റ്റേഷനു മുന്നിലും രാജാറോഡ് ജംഗ്ഷനിലും കോട്ടപ്പുറം റോഡ് ജംഗ്ഷനിലുമായി വീതിയേറിയ മൂന്ന് അടിപ്പാതകളും പുഴയ്ക്കു കുറുകേ പുതിയ പാലവും വരുന്നതോടെ ആകാശപാതയില്ലാത്തതു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളിൽ നല്ലൊരു ശതമാനവും പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ കർമസമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചെങ്കിലും പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുന്നതിനും സർവീസ് റോഡുകളുടെ നിർമാണം വേഗത്തിലാക്കുന്നതിനും വേണ്ടി കർമസമിതി തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കർമസമിതി ചെയർമാനായ നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൺവീനറായ കൗൺസിലർ ഇ. ഷജീർ, രക്ഷാധികാരികയ മുൻ എംപി പി. കരുണാകരൻ, മാമുനി വിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ഭാരവാഹികളായ പി.കെ. നസീർ, സാഗർ ചാത്തമത്ത്, പി. വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.ജെ. ജോയ്, വി.വി. കുഞ്ഞികൃഷ്ണൻ, കെ. സതീശൻ , പി.യു. രാമകൃഷ്ണൻ, ഉദയൻ പാലായി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, ആകാശപാതയ്ക്കു വേണ്ടി സമരം നടത്തുന്ന ജനകീയ സമരസമിതി പ്രവർത്തകർ ഇപ്പോഴും ഇതേ ആവശ്യവുമായി സമരം തുടരുകയാണ്.
Tags : Nattuvishesham District News