പുല്ലാട്: പ്രകൃതി ദുരന്തങ്ങളെയും മറ്റ് അടിയന്തര ഘട്ടങ്ങളെയും പ്രാദേശിക തലത്തില്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) നയിക്കുന്ന കമ്യൂണിറ്റി അവയര്‍നസ് പ്രോഗ്രാമിന് ഇന്ന് ജില്ലയില്‍ തുടക്കമാകും. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ടി. കെ. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും.
അയിരൂർ, തോട്ടപ്പുഴശേരി, കോയിപ്രം, ഇരവിപേരൂര്‍, പുറമുറ്റം, എഴുമറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ബ്ലോക്ക് ഡിവിഷന് അംഗങ്ങള്‍ക്കുമാണ് ആദ്യ പരിശീലനം നല്‍കുക. തുടര്‍ന്ന് അതത് ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിവിധ ദിവസങ്ങളിലായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കു. അതിനായി ഓരോ ബ്ലോക്കിലും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ നോഡല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട പരിശീലന ഹാൾ, മറ്റ് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
Tags : nattu vishesham NDRF Community Awareness Program